ന്യൂസീലാന്‍ഡിന്‍റെ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ കോളിന്‍ മണ്‍റോ ടെസ്റ്റില്‍ നിന്ന് വിരമിച്ചു

ഡര്‍ബന്‍: ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ന്യൂസീലാന്‍ഡിന്‍റെ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ കോളിന്‍ മണ്‍റോ. ഏകദിനത്തിലും ട്വന്‍റി 20യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് 30കാരനായ മണ്‍റോയുടെ നീക്കം. അന്താരാഷ്ട്ര ടി20യില്‍ മൂന്ന് സെഞ്ചുറികളുള്ള ഏക താരമായ മണ്‍റോ നിലവില്‍ ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. 

2013ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മണ്‍റോ ന്യൂസീലാന്‍ഡിനായി ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. ഈ മത്സരത്തില്‍ 15 റണ്‍സും രണ്ട് വിക്കറ്റുമാണ് താരത്തിന് നേടാനായത്. അതേസമയം 39 ഏകദിനങ്ങളില്‍ നിന്ന് 905 റണ്‍സും 45 ടി20 മത്സരങ്ങളില്‍ 1173 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2019 ലോകകപ്പ് ലക്ഷ്യംവെച്ചാണ് കോളിന്‍ മണ്‍റോയുടെ ടെസ്റ്റ് പിന്‍മാറ്റം.