പസാദെന: പരാഗ്വെ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച കൊളംബിയയ്‌ക്ക് കോപ്പ അമേരിക്ക ശതാബ്‌ദി ചാംപ്യന്‍ഷിപ്പില്‍ രണ്ടാം ജയം. പരാഗ്വെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കൊളംബിയ രണ്ടു കളികളില്‍ ആറു പോയിന്റുമായി ക്വാര്‍ട്ടറിലെത്തി. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ അമേരിക്കയെ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ തോല്‍പ്പിച്ചത്.

പരാഗ്വെയ്‌ക്ക് എതിരെ കാര്‍ലോസ് ബാക്ക, സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. പന്ത്രണ്ടാം മിനിട്ടില്‍ ബാക്കയും മുപ്പതാം മിനിട്ടില്‍ റോഡ്രിഗസും സ്‌കോര്‍ ചെയ്‌തതോടെ കൊളംബിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തി. എന്നാല്‍ കനത്ത പ്രത്യാക്രമണം അഴിച്ചുവിട്ട പരാഗ്വെ, ഏതു നിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു. പക്ഷെ കൊളംബിയന്‍ ഗോളിയും പ്രതിരോധവും ഉറച്ചുനിന്നതോടെ ശ്രമങ്ങള്‍ വിഫലമായി. ഒടുവില്‍ എഴുപത്തിയൊന്നാം മിനിട്ടില്‍ വിക്‌ടര്‍ അയാള നേടിയ ഗോളാണ് പരാഗ്വെയുടെ പരാജയഭാരം കുറച്ചത്. പരാഗ്വെയുടെ ഗോളെന്ന് ഉറച്ച അര ഡസന്‍ അവസരങ്ങള്‍ തട്ടിയകറ്റിയ കൊളംബിയന്‍ ഗോളി ഓസ്‌പിനയാണ് കളിയിലെ സൂപ്പര്‍ താരമായത്.

കോപ്പ അമേരിക്കയില്‍ ഇന്നു നടന്ന മറ്റൊരു മല്‍സരത്തില്‍ ആതിഥേയരായ അമേരിക്ക എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ തകര്‍ത്തു. അമേരിക്കയ്‌ക്കു വേണ്ടി ക്ലിന്റ് ഡെംപ്സി, ജെര്‍മെയ്ന്‍ ജോണ്‍സ്, ബോബി വുഡ്, ഗ്രാഹാം സൂസി എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ ജയത്തോടെ അമേരിക്കയ്‌ക്ക് ഗ്രൂപ്പ് ഏയില്‍ രണ്ടു കളികളില്‍ മൂന്നു പോയിന്റായി.