ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ ദിനത്തിൽ ലോങ് ജംപിൽ മലയാളി താരം എം ശ്രീശങ്കറും നീന്തലിൽ സജൻ പ്രകാശും ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ താരങ്ങൾ മെഡൽ പ്രതീക്ഷയോടെ മത്സരിക്കും.
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് ട്രാക്ക് ഉണരും. അത്‌ലറ്റിക്‌സിലെ ആദ്യ ദിനത്തില്‍ മലയാളി ലോങ് ജംപ് താരം ശ്രീശങ്കര്‍ മത്സരിക്കും. സജന്‍ പ്രകാശിന് നീന്തലിലും മത്സരമുണ്ട്. ഏത് ഗെയിംസിന്റെയും പ്രധാന ആകര്‍ഷണം അത്‌ലറ്റിക്‌സ് മത്സരങ്ങളാണ്. ഗ്ലാസ്‌ഗോയിലെ ട്രാക്ക് ഇന്ന് ഉണരുമ്പോള്‍ ആദ്യദിനം തന്നെ മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമയം രാത്രി 11.40ന് തുടങ്ങുന്ന ഹൈജംപില്‍ സര്‍വേഷ് കുശാരെ, ആദര്‍ശ് രാം ജോതി, തേജസ്വിന്‍ ശങ്കര്‍ എന്നിവര്‍ മത്സരിക്കും.
അടുത്തിടെ ഡയമണ്ട് ലീഗിലെ ഹൈ ജംപില്‍ പോഡിയത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി മൊണോക്കോയില്‍ ചരിത്രം കുറിച്ച സര്‍വേശിന് മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. കഴിഞ്ഞ വര്‍ഷം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സര്‍വേശ് ഫൈനലിലെത്തിയിരുന്നു. ഹൈ ജംപില്‍ 2.3മീറ്റര്‍ ഉയരം മറികടക്കുന്ന ആദ്യ താരം കൂടിയാണ് സര്‍വേശ്. ലോങ് ജംപില്‍ യോഗ്യത റൗണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കുമ്പോള്‍ മലയാളി താരം എം ശ്രീശങ്കറിലേക്കാണ് എല്ലാ കണ്ണുകളും. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീശങ്കര്‍ വെള്ളിമെഡല്‍ നേടിയിരുന്നു. ശ്രീശങ്കര്‍ ഗ്രൂപ് എയില്‍ മത്സരിക്കുമ്പോള്‍ ലോകേഷ് സത്യനാഥന്‍ ഗ്രൂപ് ബിയില്‍ മത്സരിക്കും.
ഇന്ത്യയിലെ വേഗമേറിയ ഓട്ടക്കാരനും ഇന്ന് ട്രാക്കില്‍ ഇറങ്ങുകയാണ്. 100 മീറ്ററില്‍ ഒന്നാം റൗണ്ടിലെ നാലാം ഹീറ്റ്‌സിലാകും ഗുരിന്ദര്‍വീര്‍ സിങ് മത്സരിക്കുക. അടുത്തിടെ റാഞ്ചിയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ താരം 10.01 സെക്കന്റില്‍ താഴെ സമയത്തില്‍ നൂറ് മീറ്റര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഗുരിന്ദര്‍വീര്‍ സിങ് മാറിയിരുന്നു. നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശും ഇന്നാദ്യമായി മത്സരത്തിനിറങ്ങുകയാണ്. ഇഷ്ട ഇനമായ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സജന്റെ ഹീറ്റ്‌സ് മത്സരം.മികച്ച പ്രകടനം നടത്തിയാല്‍ പുലര്‍ച്ചെ നടക്കുന്ന ഫൈനലിന് സജന് യോഗ്യത നേടാം.
ബോക്‌സിങ്ങില്‍ 53 കിലോ വനിതകളുടെ ഫൈനലില്‍ ഗ്യാനേശ്വരി യാധവ് വൈകിട്ട് 5.30ക്ക് ഇറങ്ങും. സച്ചിന്‍, അങ്കുഷ്, സാക്ഷി, സുമിത് എന്നിവരും ബോക്‌സിങ്ങില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു, ബിന്ദ്യാറാണി ദേവി തുടങ്ങിയവര്‍ ഫൈനല്‍ മത്സരത്തിന് ഇറങ്ങും. ലോണ്‍ ബോള്‍, പാരാ സ്വിമ്മിങ്, പാരാ അത്‌ലിറ്റിക്‌സ്, വീല്‍ച്ചെയര്‍ ബാസ്‌കറ്റ് ബോള്‍ തുടങ്ങിയവയിലും ഇന്ത്യക്ക് ഇന്ന് മത്സരങ്ങളുണ്ട്.

