ഇരുപത്തിരണ്ടുകാരിയായ ക്രിസ്റ്റീന ഒഹാരയെ അഞ്ച് റൗണ്ടിലും ഇടിച്ചിട്ടാണ് മൂന്ന് കുട്ടികളുടെ അമ്മയായ മേരികോം സ്വര്‍ണത്തിളക്കം സ്വന്തമാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ അരങ്ങേറ്റം ഗംഭീരമാക്കുകയായിരുന്നു മേരി കോം. വടക്കന്‍ അയര്‍ലന്‍ഡ് താരത്തെ തോല്‍പിച്ചാണ് മേരി കോം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്റെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. മഗ്‌നിഫിസന്റ് മേരി ഗോള്‍ഡ് കോസ്റ്റിലെ ഇടിക്കൂട്ടിലും മിന്നല്‍പ്പിണരായി. ഇരുപത്തിരണ്ടുകാരിയായ ക്രിസ്റ്റീന ഒഹാരയെ അഞ്ച് റൗണ്ടിലും ഇടിച്ചിട്ടാണ് മൂന്ന് കുട്ടികളുടെ അമ്മയായ മേരികോം സ്വര്‍ണത്തിളക്കം സ്വന്തമാക്കിയത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മേരികോം ബോക്‌സിംഗ് റിംഗില്‍ തിരിച്ചെത്തിയത് മുപ്പത്തിയഞ്ചാം വയസ്സില്‍. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണത്തിളക്കവുമായി ഗോള്‍ഡ് കോസ്റ്റിലെത്തിയ മേരി ഇന്ത്യന്‍ പ്രതീക്ഷ കാത്തു. കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെ സാക്ഷിയാക്കിയാണ് മേരി തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയത്. മെഡല്‍ മക്കള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് മേരികോം പറഞ്ഞു. അഞ്ച് തവണ ലോക ചാമ്പ്യനായ മേരികോം ഏഷ്യന്‍ ഗെയിംസിലും ഒളിംപിക്‌സിലും മെഡല്‍ നേടിയിട്ടുണ്ട്.