ഭാരോദ്വഹനത്തില്‍ പൂനം യാദവാണ് സ്വര്‍ണം നേടിയത്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ പൂനം യാദവാണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം ഏഴായി. ഇന്ത്യ നേടിയ അഞ്ച് സ്വര്‍ണവും ഭാരോദ്വഹനത്തില്‍ നിന്നാണ്.

ഗ്ലാസ്ഗോ ഗെയിംസിലെ വെങ്കലമെഡല്‍ നേട്ടം ഗോള്‍ഡ് കോസ്റ്റില്‍ മെച്ചപ്പെടുത്തുകയായിരുന്നു പൂനം. സ്നാച്ചില്‍ 100 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 122 കിലോയും ഉയര്‍ത്തിയാണ് പൂനം യാദവിന്‍റെ വിജയം. നിലവില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 22 സ്വര്‍ണവും 17 വെള്ളിയും 20 വെങ്കലവുമടക്കം 59 മെഡലുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.