ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും മറക്കാനാകാത്ത ബാറ്റുണ്ട്- ചുവന്ന ഹാന്‍ഡിലും ചുവപ്പ് അക്ഷരത്തില്‍ എംആര്‍എഫ് എന്നെഴുതിയ ബാറ്റ്. അതേ, ക്രിക്കറ്റ് ദൈവ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റ്. ഒരുകാലത്ത് കടകളില്‍ ബാറ്റു വാങ്ങാനെത്തുന്ന കൊച്ചുകുട്ടികള്‍ക്കെല്ലാം എംആര്‍എഫ് ബാറ്റ് മതിയായിരുന്നു. സച്ചിന്‍ കളി മതിയാക്കുന്നതിനുംമുമ്പെ, ഇന്ത്യന്‍ ക്രിക്കറ്റില്‍ അതിവേഗം ഉദിച്ചുയര്‍ന്ന താരകമായിരുന്നു എം എസ് ധോണി. ആര്‍ബികെ എന്ന ലോഗോയുള്ള ബാറ്റുമായി ഹെലികോപ്‌ടര്‍ ഷോട്ടുകളടക്കം തകര്‍ത്തടിച്ചാണ് ധോണി ആരാധകരുടെ മനസിലിടം നേടിയത്. പില്‍ക്കാലത്ത് സ്‌പാര്‍ടാന്‍ എംഎസ്ഡി7 എന്ന സ്റ്റിക്കറുള്ള ബാറ്റാണ് ധോണി ഉപയോഗിക്കുന്നത്. അതിനുശേഷം വിരാട് കോലി എന്ന താരം ഉദിച്ചപ്പോള്‍, സച്ചിന്റെ പിന്‍ഗാമിയെന്നപോലെ എംആര്‍എഫ് ബാറ്റ് വീണ്ടും എല്ലാവരുടെയും മനസിലേക്കെത്തി.

വിരാട് കോലിയുടെ ബാറ്റിന്റെ വിശേഷങ്ങള്‍...

ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച ബാറ്റാണ് കോലി ഉപയോഗിക്കുന്നത്. കരുത്ത്, ഭാരം എന്നിവയെല്ലാം സമന്വയിച്ച ബാറ്റ് ഒരു ലോക ക്രിക്കറ്റര്‍ക്ക് ഏറ്റവും അനുയോജ്യമായതാണ്. എട്ടു മുതല്‍ 14 വര്‍ഷം വരെ പഴക്കമുള്ള തടിയാണ് കോലിയുടെ ബാറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഹാന്‍ഡില്‍, കൂടുതല്‍ അനായാസമായി പിടിക്കാവുന്നതരത്തിലാണ് കോലിയുടെ ബാറ്റ് തയ്യാറാക്കുന്നത്. കോലിയുടെ ബാറ്റിന്റെ ഭാരം 1100 മുതല്‍ 1200 ഗ്രാം വരെയാണ്. സാധാരണ കണ്ടുവരാറുള്ളതുപോലെ ചരിഞ്ഞതും കട്ടിയുള്ളതുമായ എഡ്ജാണുള്ളത്. കോലി ഉപയോഗിക്കുന്ന ഒരു ബാറ്റ് നിര്‍മ്മിക്കാനുള്ള ചെലവ് 17000 മുതല്‍ 23000 രൂപ വരെയാണ്. തടിയുടെ പഴക്കം, നിര്‍മ്മാണരീതി, ഭാരം എന്നിവയിലെ വ്യതിയാനം അനുസരിച്ചാണ് വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. ബാറ്റിന് ഇത്രയേ ചെലവുള്ളുവെങ്കിലും എംആര്‍എഫ് സ്റ്റിക്കര്‍ ആ ബാറ്റില്‍ പതിയുന്നതോടെ എട്ടു കോടി രൂപ മൂല്യമുള്ള ഒന്നാണ് കോലിയുടെ ബാറ്റ് മാറുന്നു.

ഇനി നമുക്ക് ധോണിയുടെ ബാറ്റിനെക്കുറിച്ച് നോക്കാം...

പവര്‍ ഹിറ്റിങ് ശൈലിയിലാണ് ധോണി ബാറ്റു വീശുന്നത്. അതുകൊണ്ടുതന്നെ ഓരോ വീശലിലും കൂടുതല്‍ കരുത്ത് ആവാഹിക്കുന്ന തരത്തിലാണ് ധോണിയുടെ സ്‌പാര്‍ടാന്‍ എംഎസ്ഡി 7 ബാറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോകത്തെ പ്രമുഖ ക്രിക്കറ്റര്‍മാരുടേത് പോലെ ഇംഗ്ലണ്ടില്‍ തയ്യാറാക്കിയ ബാറ്റാണ് ധോണിയും ഉപയോഗിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും നിലവാരമുള്ള എ ഗ്രേഡ് എ1 വിഭാഗത്തിലുള്ളതാണ് ധോണിയുടെ ബാറ്റ്. 10-16 വര്‍ഷം വരെ പഴക്കമുള്ള വില്ലോ തടി ഉപയോഗിച്ചാണ് ധോണിയുടെ ബാറ്റ് നിര്‍മ്മിക്കുന്നത്. ധോണിയുടെ ബാറ്റിന്റെ ഹാന്‍ഡില്‍ തയ്യാറാക്കിയിരിക്കുന്നത് 9 കഷണങ്ങള്‍ ഉപയോഗിച്ചാണ്. ഈ ബാറ്റിന്റെ ഭാരം 1180 മുതല്‍ 1250 ഗ്രാം വരെയാണ്. സാധാരണഗതിയില്‍ വളരെ വീതി കുറഞ്ഞ എഡ്ജാണ് ഉപയോഗിക്കുന്നതെങ്കില്‍, ഏറ്റവും വീതിയും കനവുമുള്ള എഡ്ജാണ് ധോണിയുടെ ബാറ്റിന്റേത്. എഡ്ജ് ആകാനുള്ള സാധ്യത കൂടുതലാണെങ്കിലും കരുത്തുറ്റ ഷോട്ടുകള്‍ പായിക്കാന്‍ അനുയോജ്യമായ തരത്തിലാണ് ധോണിയുടെ ബാറ്റ് തയ്യാറാക്കിയിരിക്കുന്നത്. 24000 രൂപയാണ് ധോണിയുടെ ബാറ്റഅ തയ്യാറാക്കാന്‍വേണ്ടി വരുന്ന ചെലവ്. എന്നാല്‍ സ്‌പാര്‍ട്ടാന്‍ എംഎസ്ഡി7 എന്ന ലോഗോ ആ ബാറ്റില്‍ പതിയുന്നതോടെ അതിന്റെ മൂല്യം 6 കോടി രൂപയായി മാറും.