മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരായ ദയനീയ തോല്‍വിക്കുശേഷം സമ്മാനദാനച്ചടങ്ങിനെത്തിയ ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങളുമായി തമാശ പങ്കിട്ടതുകണ്ട് ചങ്കു തകര്‍ന്നുപോയ ആരാധകര്‍ക്കായി ഷൊയൈബ് മാലിക് ആ രഹസ്യം വെളിപ്പെടുത്തി. പാക്കിസ്ഥാനെതിരായ മത്സരം തോറ്റതിന്റെ വേദനിയിലായിരുന്ന ഇന്ത്യന്‍ ആരാധകര്‍. എന്നാല്‍ കോലിയുടെയും സംഘത്തിന്റെയും മുഖത്ത് തോല്‍വിയുടെ ദു:ഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല പാക്കിസ്ഥാന്‍ താരങ്ങളുമായി തമാശ പങ്കിട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒരു മത്സരത്തില്‍ സയ്യിദ് അജ്‌മലുമായുണ്ടായ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ക്രിസ് ഗെയിലിന്റെ അനായാസ ക്യാച്ച് നിലത്തിട്ടതിനെക്കുറിച്ചാണ് തങ്ങള്‍ പറഞ്ഞു ചിരിച്ചതെന്ന് മാലിക് വെളിപ്പെടുത്തി. ആകാശത്തേക്കുയര്‍ന്ന പന്ത് കൈയിലൊതുക്കാനായി അജ്മലും മാലിക്കും ഒരേസമയം എത്തിയെങ്കിലും ആര് ക്യാച്ചെടുക്കണം എന്ന ആശയക്കുഴപ്പത്തെത്തുടര്‍ന്ന് രണ്ടുപേരും ക്യാച്ചെടുക്കാതെ വിട്ടു. അജ്മലിന്റെ മണ്ടത്തരത്തെക്കുറിച്ച് പറഞ്ഞായിരുന്നു മാലിക്കും കോലിയും യുവിയുമെല്ലാം ആര്‍ത്തുചിരിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കി പാക്കിസ്ഥാന്‍ കിരീടം നേടിയിരുന്നു.