ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റയര്‍ കുക്കിന് ഇന്നു നഷ്‌ടമായത് നേരിയ വ്യത്യാസത്തില്‍. അതേസമയം ആ റെക്കോര്‍ഡ് വൈകാതെ തന്നെ കുക്കിന്റെ പേരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 31 വയസും 326 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. അതേസമയം ഇന്ന് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മല്‍സരം കളിക്കാന്‍ ഇറങ്ങുമ്പോള്‍ കുക്കിന്റെ പ്രായം 31 വയസും 154 ദിവസവുമാണ്. ഇന്നു ബാറ്റു ചെയ്യാന്‍ ഇറങ്ങുമ്പോള്‍ കുക്ക് പതിനായിരം നേട്ടം കൈവരിക്കാന്‍ 20 റണ്‍സ് അകലെയായിരുന്നു. എന്നാല്‍ 15 റണ്‍സിന് കുക്ക് ഔട്ടാകുകയായിരുന്നു. ഇനി അടുത്ത ഇന്നിംഗ്സ് വരെ കുക്കിന് കാത്തിരിക്കണം. ഉടന്‍ തന്നെ ബാറ്റു ചെയ്യാന്‍ അവസരമുള്ളതുകൊണ്ട് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റു ചെയ്യാന്‍ സാധിച്ചാല്‍ കുക്കിന് 10000 റണ്‍സ് തികയ്‌ക്കാനാകുമെന്നാണ് ആരാധകര്‍ പ്രതിക്ഷിക്കുന്നത്. പതിനായിരം റണ്‍സ് തികച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരവും ലോകത്തെ പന്ത്രണ്ടാമത്തെ കളിക്കാരനുമാകും കുക്ക്.