നൂറു വയസ്സിന്റെ നിറവിലെത്തിയ കോപ്പയില്‍ വീണ്ടും ഫുട്‌ബോള്‍ ലഹരി നിറയുന്നു. മനുഷ്യായുസില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഭാഗ്യം. ശതാബ്ദി ആഘോഷത്തില്‍ കളിയഴകിന്റെ നേരവകാശികളായ ലാറ്റിനമേരിക്കയിലെ പത്തു ടീമുകള്‍ക്കൊപ്പം വടക്കേ അമേരിക്കയിലെ ആറു ടീമുകള്‍കൂടി ബൂട്ടണിയുന്നു.
അമേരിക്കയിലെ 10 വേദികളിലായി 32 മത്സരങ്ങള്‍. തലയെടുപ്പോടെ ബ്രസീലും അര്‍ജന്റീനയും ഉറൂഗ്വേയും നിലവിലെ ജേതാക്കളായ ചിലിയും. കരുത്തുകാട്ടാന്‍ മെക്‌സിക്കോയും കോസ്റ്റാറിക്കയും അമേരിക്കയും. കളിത്തട്ടില്‍ വിസ്മയകാഴചകളൊരുക്കാന്‍ മെസി, സുവാരസ്, റോഡ്രിഗസ്, സാഞ്ചസ് തുടങ്ങിയ താരങ്ങള്‍.
തെക്കേ അമേരിക്കയ്ക്കു പുറത്ത് ആദ്യമായി അരങ്ങേറുന്ന കോപ്പയിലെ ആദ്യ മത്സരത്തില്‍ കൊളംബിയ അമേരിക്കയെ നേരിടുകയാണ്. ഇരുടീമുകളും ഇതിനു മുന്‍പ് ഏറ്റുമുട്ടിയ 17 കളികളില്‍ 11ലും ജയം കൊളംബിയയ്ക്കായിരുന്നു. മൂന്നെണ്ണത്തില്‍ അമേരിക്ക ജയിച്ചപ്പോള്‍ ശേഷിച്ച കളികള്‍ സമനിലയില്‍ അവസാനിച്ചു.
