കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കെസിഎ സംഘടിപ്പിച്ച കെസിഎല്‍ ഫാന്‍ ലീഗിന്റെ ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ആറ് ജില്ലകളില്‍ നിന്നുള്ള ചാമ്പ്യൻ ടീമുകളാണ് കിരീടത്തിനായി കഴക്കൂട്ടത്തെ ദി ഓവല്‍ ടര്‍ഫില്‍ ഏറ്റുമുട്ടുന്നത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിലേക്ക് വഴിതുറന്ന്, കെസിഎല്‍ ഫാന്‍ ലീഗ് കലാശപ്പോരാട്ടങ്ങള്‍ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച ടൂര്‍ണമെന്റാണ് കെസിഎല്‍ ഫാന്‍ ലീഗ്. കെസിഎല്ലിലെ വിവിധ ടീമുകള്‍ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളില്‍ നടന്ന മത്സരങ്ങളില്‍ ചാമ്പ്യന്മാരായ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. രാവിലെ 11.45-നാണ് ഉദ്ഘാടന ചടങ്ങ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക റൗണ്ടുകള്‍ കടന്നെത്തുന്ന ഫോര്‍ച്യൂണ്‍ സിസി (ട്രിവാണ്‍ഡ്രം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോണ്‍ക്വറേഴ്‌സ് (ആലപ്പുഴ), ഐഡ ബാറ്റ്‌ലിയന്‍സ് (കൊച്ചി), ലെജന്റ്‌സ് പൊന്നൂക്കര (തൃശൂര്‍), യുവ രാമനാട്ടുകര (കാലിക്കറ്റ്) എന്നീ ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ അണിനിരക്കുന്നത്.

കഴക്കൂട്ടത്തെ ദി ഓവല്‍ ടര്‍ഫില്‍ നടക്കുന്ന മത്സരങ്ങള്‍ ആറ് ഓവര്‍ വീതമുള്ള ഫോര്‍മാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരിക്കുന്ന ആറ് ടീമുകളെ രണ്ട് പൂളുകളായി തിരിച്ചാണ് പോരാട്ടം. ഇരു പൂളുകളിലും പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീമുകള്‍ കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. കെസിഎല്ലിന് മുന്നോടിയായി ആരാധകരുടെ ആവേശം കൊടുമുടിയിലെത്തിക്കുന്ന തകര്‍പ്പന്‍ മത്സരങ്ങള്‍ക്കാണ് ശനിയാഴ്ച തിരുവനന്തപുരം വേദിയാകുന്നത്.

YouTube video player