ബാഴ്സലോണ കോപ്പ ഡെൽറെ ചാംപ്യന്മാര്‍

എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയയെ തകർത്ത് ബാഴ്സലോണ കോപ്പ ഡെൽറെ ചാന്പ്യൻമാരായി. ലൂയി സുവാരസിന്‍റെ ഇരട്ടഗോൾ മികവിലാണ് ബാഴ്സ സീസണിലെ ആദ്യ കിരീടം നേടിയത്. ചാന്പ്യൻസ്ട്രോഫി സെമിയിൽ വച്ച് മുറിവേറ്റ ബാഴ്സയുടെ ആദ്യ പ്രതികാരത്തിന് ഇരയായത് സെവിയ. 14മിനിറ്റിൽ സുവാരസ് തുടങ്ങി വച്ച ഗോളടി നിന്നത് എതിരില്ലാത്ത 5 ഗോളുകളിൽ

കുട്ടീന്യോയും സുവാരസും നടത്തിയ നീക്കത്തിലായിരുന്നു ആദ്യ ഗോൾ. 31മിനിറ്റിൽ ടിക്കി ടാക്കയുടെ സൗന്ദര്യം വിരിഞ്ഞപ്പോൾ മെസിയുടെ വക രണ്ടാം ഗോൾ. 40 മിനിറ്റിൽ സുവാരസും മെസിയും ആർത്തിരമ്പി വന്നപ്പോൾ സെവിയൻ പ്രതിരോധം വീണ്ടും കാഴ്ചക്കാരായി

മെസിയും ഇനിയേസ്റ്റയും തൊടുത്ത ലോങ് റേഞ്ചറുകൾ ലക്ഷ്യം കാണാഞ്ഞത് കൊണ്ട് മാത്രം സെവിയ 3 ഗോൾ വാങ്ങി ആദ്യപകുതി പിരിഞ്ഞു. ബാഴ്സകുപ്പായത്തിൽ അവസാന ഫൈനൽ കളിക്കുന്ന ക്യാപ്റ്റന്‍റെ ഗോൾ വന്നത് 54ആം മിനിറ്റിൽ. കുട്ടീഞ്ഞ്യോനേടിയ പെനാൽട്ടി ഗോളിലൂടെ പട്ടിക പൂർത്തിയായി.ബാഴ്സയുടെ തുടർച്ചയായ നാലാം കോപ്പ ഡെൽറെ.