ബാഴ്സലോണയുടെ ആരാധകരെ ആവേശത്തിലാക്കി മാൽകം കടം വീട്ടി. പരിക്ക് കാരണം കളിക്കില്ലെന്ന് കരുതിയെങ്കിലും 64ആം മിനിട്ടിലാണ് നായകൻ ലിയോണൽ മെസി കളത്തിലിറങ്ങിയത്.
ബാഴ്സലോണ: കോപ ഡെല്‍റേയിലെ ക്ലാസിക് പോരാട്ടത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും സമനിലയിൽ പിരിഞ്ഞു. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന് ആദ്യപാദ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു കൂട്ടരും ഓരോ ഗോൾ വീതം നേടി. ആറാം മിനിട്ടിൽ ലൂക്കാസ് വാസ്ക്വി ഇരമ്പുന്ന ഗാലറികളെ സാക്ഷിനിർത്തി റയലിനായി ലക്ഷ്യം കണ്ടു.
റയലുയർത്തിയ ഒരു ഗോളിന്റെ കടം മറികടക്കാൻ ബാഴ്സയുടെ മുൻനിര ആഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കളി പകുതി പിന്നിടുമ്പോഴും റയൽ മുന്നിട്ടുനിന്നതോടെ ആരാധകരിൽ ചിലരെങ്കിലും കരുതിക്കാണും ആദ്യപാദം അവർ കൊണ്ടുപോകുമെന്ന്. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്സ കളത്തിലിറങ്ങിയത് ചിലത് ഉറപ്പിച്ച് തന്നെയായിരുന്നു.
അതിന് നടത്തിയ ശ്രമങ്ങൾ 57ആം മിനിട്ടിൽ അവരെ ലക്ഷ്യത്തിലെത്തിച്ചു. ബാഴ്സലോണയുടെ ആരാധകരെ ആവേശത്തിലാക്കി മാൽകം കടം വീട്ടി. പരിക്ക് കാരണം കളിക്കില്ലെന്ന് കരുതിയെങ്കിലും 64ആം മിനിട്ടിലാണ് നായകൻ ലിയോണൽ മെസി കളത്തിലിറങ്ങിയത്.
അപ്പോഴേക്കും സമനില ഉറപ്പിക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞിരുന്നു. എന്തായാലും ഫുട്ബോൾ ഇനി കാത്തിരിക്കുന്നത് രണ്ടാം എൽ ക്ലാസികോയ്ക്കാണ്. ഈ മാസം 27നാണ് രണ്ടാം പാദ മത്സരം.
