റാഞ്ചി ടെസ്റ്റില്‍ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ലക്ഷ്യമാക്കി ഓസ്‍ട്രേലിയ അല്‍പ്പസമയത്തിനകം ഇറങ്ങും .4 വിക്കറ്റിന് 299 റണ്‍സെന്ന നിലയിലാണ് ഓസീസ്ഇന്ന് ബാറ്റിംഗ് തുടങ്ങുന്നത്. സെഞ്ച്വറിയോടെ സ്മിത്തും 82 റണ്‍സ് നേടിയ മാക്‌സ്വെല്ലുമാണ് ക്രീസില്‍.
ബംഗലുരുവിലെ ഡിആര്‍എസ് പിഴവിന് സെഞ്ച്വറിയിലൂടെ പ്രായശ്ചിത്തം ചെയ്ത് സ്റ്റീവ് സ്മിത്ത്. അസാധാരണമായ പക്വതയിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി ഗ്ലെന്‍ മാക്‌സ്‍വെല്‍. ടോസ് റാഞ്ചിയ ഓസ്‍ട്രേലിയ , മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനവും ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തു. 10 ഓവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത റെന്‍ഷോയും വാര്‍ണറും നല്‍കിയത് മികച്ച തുടക്കം. ജഡേജയുടെ ഫുള്‍ടോസില്‍ വാര്‍ണര്‍ വീണതിന് പിന്നാലെ റെന്‍ഷോ 44 റണ്‍സുമായി മടങ്ങി. രണ്ടു റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ഡിആര്‍എസിലൂടെ ഇന്ത്യ പറഞ്ഞയച്ചു. ഹാന്‍ഡ്സ്കോംപ് ഉമേഷിന്‍റെ രണ്ടാമത്തെഇരയാകുമ്പോള്‍ ഓസീസ് നാലിന് 140. എന്നാല്‍ സ്മിത്തും മാക്‌സ്‍വെല്ലും ഉറച്ചതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഫീല്‍ഡിംഗിനിടെ തോളിന് പരിക്കേറ്റ് മടങ്ങിയ കോലിക്ക് പകരം നായകസ്ഥാനം ഏറ്റെടുത്ത രഹാനെക്ക് ബ്രേക്ക് ത്രൂ കണ്ടെത്താനായില്ല.സ്മിത്തിന്‍റെ ക്യാച്ചിനായുള്ള സാഹയുടെ രസകരമായ ശ്രമം മാത്രം അവസാന സെഷനില്‍ ഇന്ത്യക്ക് ഓര്‍മ്മിക്കാനുള്ളത് ബ്രാഡ്മാനും ഗാവസ്കറിനും ശേഷം ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന ബാറ്റ്സ്മാനായി മാറിയ സ്മിത്ത് 117 റണ്‍സുമായി ക്രീസിലുണ്ട്. ബാറ്റിംഗ് ശ്രമകരമല്ലാത്ത പിച്ചില്‍ ഇരുടീമുകളുടെയും ആദ്യ ഇന്നിംഗ്സ് നിര്‍ണായകമാകും.
