ശ്രീലങ്ക- ഓസീസ് രണ്ടാം ടെസ്റ്റില്‍ താരമായി ടിം പെയ്‌ന്‍. അര്‍ദ്ധ സെഞ്ചുറി തികയ്ക്കാന്‍ കാത്തുനില്‍ക്കാതെ ഓസീസ് ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്യാനുള്ള പെയ്‌നിന്‍റെ തീരുമാനമാണ് കയ്യടി നേടുന്നത്.
കാന്‍ബറ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ കയ്യടി വാങ്ങി ഓസീസ് നായകന്‍ ടിം പെയ്‌ന്‍. ആദ്യ ഇന്നിംഗ്സില്‍ കൂറ്റന്‍ സ്‌കോറുമായി ഓസീസ് കുതിക്കുമ്പോള്‍ അര്‍ദ്ധ സെഞ്ചുറി തികയ്ക്കാന്‍ കാത്തുനില്‍ക്കാതെ പെയ്‌ന്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ഈസമയം അഞ്ച് വിക്കറ്റിന് 534 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. പാറ്റേഴ്‌സണ്‍ 114 റണ്‍സുമായും പെയ്‌ന്‍ 45 റണ്‍സെടുത്തും ക്രീസിലുണ്ടായിരുന്നു.
അര്‍ദ്ധ സെഞ്ചുറി തികയ്ക്കാതെ ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്യാന്‍ തയ്യാറായ പെയ്‌നിനെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
ജോ ബേണ്‍സ് (180), ട്രാവിസ് ഹെഡ് (161), കേര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (114) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 123 റണ്‍സെടുത്തിട്ടുണ്ട്. കുശാല്‍ പെരേര (11), ധനഞ്ജയ ഡി സില്‍വ (1) എന്നിവരാണ് ക്രീസില്‍. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണാരത്‌നെക്ക് പരുക്കേറ്റത് രണ്ടാം ദിനം കണ്ണീരായി.
