ചെന്നൈ: സമകാലീന ക്രിക്കറ്റിലെ സമ്പൂര്‍ണ ക്രിക്കറ്റര്‍ ആരെന്ന് ചോദിച്ചാല്‍ ആരാധകര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളു. എ.ബി.ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സ് ഇത് സമ്മതിച്ചുതരില്ലെങ്കില്‍ പോലും. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്ന ഡിവില്ലിയേഴ്സ് ഏകദിന നായക സ്ഥാനവും ഒഴിഞ്ഞ് വെറും കളിക്കാരനായി ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള കഠിന പ്രയത്നത്തിലാണ് താനെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ചെന്നൈയില്‍ എംആര്‍എഫ് പേസ് ഫൗണ്ടേഷന്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡിവില്ലിയേഴ്സ്.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ സ്വാഭാവിക ചോയ്സാണെങ്കിലും അതിനുവേണ്ടി താന്‍ കഠിനാധ്വാനം ചെയ്തേ മതിയാവൂ എന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ഇന്ത്യക്കെതിരെ വരാനരിക്കുന്ന പരമ്പര വലിയ വെല്ലുവിളിയായിരിക്കുമെന്നും അതിനുവേണ്ടിയുള്ള കഠിനമായ തയാറെടുപ്പിലാണ് താനെന്നും വ്യക്തമാക്കിയ ഡിവില്ലിയേഴ്സ് ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി പറഞ്ഞു.

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്ന്. കോലി തന്നെക്കുറിച്ച് പലകാര്യങ്ങളുംട പറയാറുണ്ടെങ്കിലും അതൊന്നും താന്‍ വിശ്വസിച്ചിട്ടില്ലെന്നും ഡിവില്ലിയേഴ്സ് തമാശയായി പറഞ്ഞു. ഇന്ത്യയില്‍ കളിക്കുന്നതും കോലിക്കൊപ്പം കളിക്കുന്നതും തനിക്ക് ഏറെ പ്രിയപ്പെട്ട കാര്യമാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ഇന്ത്യയില്‍ തനിക്ക് ലഭിക്കുന്ന ആരാധക പിന്തുണ കണ്ട് അമ്പരന്നുപോയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ രാജ്യത്തിന് കളിക്കാതെ ഐപിഎല്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

രാജ്യത്തിനുവേണ്ടി കളിക്കുക എന്നതാണ് ഏതൊരു കായികതാരത്തെ സംബന്ധിച്ചിടത്തോളവും ഏറ്റവും പ്രധാനമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.