അഡ്‌ലെയ്ഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ അഴിച്ചുപണി. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ടീമില്‍ ആറ് മാറ്റങ്ങളാണ് സെലക്ടര്‍മാര്‍ വരുത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ദയനീയ തോല്‍വി വഴങ്ങിയതിനെത്തുടര്‍ന്നാണ് ഓസീസ് സെലക്ടര്‍മാര്‍ ടീമില്‍ വെട്ടിനിരത്തല്‍ നടപ്പാക്കിയത്. ഇംഗ്ലീഷ് വംശജനായ ക്വീന്‍സ്‌ലന്‍ഡ് ഓപ്പണര്‍ മാറ്റ് റെന്‍ഷാ, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, നിക് മാഡിസണ്‍ എന്നിവരെ 12 അംഗ ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍മാരായ കാഡ് സേയേഴ്സ്, ജാക്സ്‌സണ്‍ ബേര്‍ഡ്, മാത്യു വേഡ് എന്നിവരെ അവസാന ടെസ്റ്റിനുള്ള 12 അംഗ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു.

ജോ ബേണ്‍സ്, ആദം വോഗസ്, കാലം ഫെര്‍ഗൂസന്‍, പീറ്റര്‍ നെവില്‍, ജോ മെയ്നി എന്നിവര്‍ക്കാണ് ടീമിലെ സ്ഥാനം നഷ്ടമായത്. 1984നുശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ആറ് മാറ്റങ്ങള്‍ വരുത്തി ഒരു ടെസ്റ്റിനിറങ്ങുന്നത്. രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 80 റണ്‍സിനും തോറ്റതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന റോഡ് മാര്‍ഷ് രാജിവെച്ചിരുന്നു.

വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക. പിങ്ക് പന്തില്‍ ഡേ നൈറ്റായി നടക്കുന്ന മത്സരം കൂടി ജയിച്ചാല്‍ ഓസീസിനെ അവരുടെ നാട്ടില്‍ തൂത്തൂവാരുന്ന ആദ്യ ടീമെന്ന നേട്ടം ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമാക്കാനാവും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീം. സ്റ്റീവന്‍ സ്മിത്ത്(ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍(വൈസ് ക്യാപ്റ്റന്‍), ജാക്സണ്‍ ബേര്‍ഡ്, പീറ്റര്‍ ഹാന്‍ഡ്കോംബ്, ജോഷ് ഹേസല്‍വുഡ്, ഉസ്മാന്‍ ഖവാജ, ലഥാന്‍ ലിയോണ്‍, നിക് മാഡിസണ്‍, മാറ്റ് റെന്‍ഷാ, കാഡ് സേയേഴ്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വേഡ്.