കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ,ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി കളിക്കുമോ എന്ന് ഇന്നറിയാം. കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ സമനില പിടിക്കാനായാല്‍ സെമിഫൈനല്‍ പ്ലേ ഓഫിലേക്ക്  യോഗ്യത നേടും. നോര്‍ത്ത് ഈസ്റ്റിനാകട്ടെ, ജയിച്ചാല്‍മാത്രമേ മുന്നോട്ടു പോകാനാകൂ.

ഐഎസ്സ് എല്ലിലെ അവസാന ലീഗ് മല്‍സരത്തിന് കൊച്ചി വേദിയാകുമ്പോള്‍ മൂന്ന് ടീമുകള്‍ സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മുബൈ എഫ് സി, ഡല്‍ഹി ഡൈനാമോസ്, അത് ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്നിവയാണിവ. കൊല്‍ക്കത്തെക്കെതിരെ ജയിച്ച് സെമിയിലേക്ക് സീറ്റ് ബുക്ക് ചെയ്യാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം സമനിലയോടെ  തരിപ്പണമായിരുന്നു. ഇനിയിപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ചാല്‍ നാലു ടീമുകളില്‍ ഒന്നാകാം. 13 മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ളത് 19 പോയിന്റ്. ഇത്രയും മല്‍സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിന് 18 ഉം. ഇതോടെ സെമിയിലേക്ക് പോകാന്‍ നോര്‍ത്ത് ഈസ്റ്റിന് ജയിച്ചേ മതിയാകൂ. അത് കൊണ്ടു വാശിയേറിയ പോരാട്ടത്തിന് കൊച്ചി സാക്ഷിയാകുമെന്നുറപ്പ്. സസ്‌പെന്‍ഷന്‍ കിട്ടിയ മെഹ്താബ് ഹുസൈന്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഉണ്ടാകില്ല.  പരിശീലനത്തിനിടെ പരിക്കേറ്റ ഹോസു പ്രിറ്റോവിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. അതേ സമയം കഴിഞ്ഞ മല്‍സരങ്ങളില്‍ ഇല്ലാതിരുന്ന മൈക്കല്‍ ചോപ്ര ഗ്രൗണ്ടിലിറങ്ങുമെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ അറിയിച്ചു. ജയിക്കാന്‍ തന്നെയാകും ടീം ഇറങ്ങുകയെന്നും കോപ്പല്‍ പറഞ്ഞു.

ഈ സീസണിലെ ഉദ്ഘാടന മല്‍സരും നോര്‍ത്ത് ഈസ്റ്റും ബ്ലാസ്‌റ്റേഴ്‌സും തമ്മിലായരുന്നു. അന്ന് ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് ജയിച്ചു കയറി.