താന്‍ പൂര്‍ണ ഫിറ്റെന്ന് താരം
കേപ്ടൗണ്: ക്രിക്കറ്റ് ലോകത്തിന് ദക്ഷിണാഫ്രിക്ക സംഭാവന ചെയ്ത പേസ് മെഷീനാണ് ഡെയ്ല് സ്റ്റെയ്ന്. എന്നാല് സ്റ്റെയ്നിന്റെ തീ തുപ്പുന്ന പന്തുകള് ആരാധകര് കണ്ടിട്ട് കുറച്ച് നാളുകളായി. ഈ വര്ഷാദ്യം ഇന്ത്യയ്ക്കെതിരായ മത്സരത്തില് പരിക്കേറ്റ് നീണ്ട വിശ്രമത്തിലായിരുന്നു 34കാരനായ പ്രോട്ടീസ് താരം. എന്നാല് കാത്തിരിപ്പ് അവസാനിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന് ഒരുങ്ങുകയാണ് സ്റ്റെയ്ന്. വരാനിരിക്കുന്ന ശ്രീലങ്കന് പര്യടനത്തില് ടീമില് മടങ്ങിയെത്താം എന്ന പ്രതീക്ഷയിലാണ് താരം.
രണ്ട് ടെസ്റ്റുകളും, അഞ്ച് ഏകദിനങ്ങളും, ഒരു ടി20യും അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന് പര്യടനം. താന് പൂര്ണമായും ഫിറ്റ്നസ് വീണ്ടെടുത്തതായി സെലക്ടര്മാര്ക്കുള്ള സൂചനയായി സ്റ്റെയ്ന് പറയുന്നു. അതിന് മുന്പ് കൗണ്ടി ടീമായ ഹാംപ്ഷെയറിനായി സ്റ്റെയ്ന് കളിക്കും. ടെസ്റ്റ് വിക്കറ്റ് വേട്ടയില് ദക്ഷിണാഫ്രിക്കന് പേസ് വിസ്മയം ഷോണ് പൊള്ളോക്കിനൊപ്പമെത്താന്(421) സ്റ്റെയ്ന് രണ്ട് വിക്കറ്റുകള് കൂടി മതി. 86 ടെസ്റ്റുകളില് 419 വിക്കറ്റുകളും 116 ഏകദിനങ്ങളില് 180 വിക്കറ്റുകളും സ്റ്റെയ്നിന്റെ പേരിലുണ്ട്.
