ഡിസ്‌നി: ഐപിഎല്ലില്‍ തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന് ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ നിന്നൊരു സന്തോഷവാര്‍ത്ത. 2017-18 ബിഗ് ബാഷ് സീസണിലെ മികച്ച താരമായി രാജസ്ഥാന്‍ റോയല്‍സിലെത്തിയ 27കാരന്‍ ഡാര്‍സി ഷോര്‍ട്ടിനെ തെരഞ്ഞെടുത്തു. 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഷോര്‍ട്ടിനെ 2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്.

ബിഗ് ബാഷ് ഫൈനലിസ്റ്റുകളായ ഹൊബാര്‍ട്ട് ഹാരികെയ്ന്‍സിനായി കളിച്ച ഷോര്‍ട്ട് സീസണില്‍ 504 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ അരങ്ങേറിയ താരത്തിന് നാല് റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. വോട്ടെടുപ്പില്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഇതിഹാസം ഷെയ്ന്‍ വാട്‌സണെയും അലക്‌സ് കാരെയയും മറികടന്നാണ് ഡാര്‍സി ഷോര്‍ട്ട് ടൂര്‍ണമെന്‍റിലെ മികച്ച താരമായത്.