കൊച്ചി: മലയാളി ക്രിക്കറ്റര്‍മാരായ സഞ്ജു സാംസണെയും ബേസില്‍ തമ്പിയെയും പ്രശംസിച്ച് കേരള പരിശീലകന്‍ ഡേവ് വാട്മോര്‍‍. ലോകോത്തര വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു തന്‍റെ പ്രതിഭ പൂര്‍ണമായും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പൂര്‍ണ മികവ് കാട്ടാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മുന്‍ ഓസീസ് താരം പറയുന്നു.

ഭാവിയില്‍ ക്രിക്കറ്റ് ലോകത്ത് ബാറ്റിംഗ് വിസ്‌ഫോടനമായി സഞ്ജുവിന് വളരാനാകും. ദേശീയ സെലക്ടര്‍മാര്‍ ടി20 സ്‌പെഷലിസ്റ്റ് എന്ന നിലയിലാണ് ബേസിലിനെ ഇപ്പോള്‍ പരിഗണിക്കുന്നത്. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ ബേസിലിന് എല്ലാ ഫോര്‍മാറ്റിലും മികവ് കാട്ടാനാകുമെന്നും കേരള പരിശീലകന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വാട്മോര്‍ അഭിപ്രായം തുറന്നുപറഞ്ഞത്. 

രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ ഇരുവരുടെയും പ്രകടനം നിര്‍ണായകമായിരുന്നു. സീസണില്‍ കേരള ടീമിന്‍റെ പ്രകടനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും വാട്മോര്‍ വ്യക്തമാക്കി. മുന്‍ ഓസ്‍ട്രേലിയന്‍ ക്രിക്കറ്ററും ശ്രീലങ്കയെ ലോക ചാമ്പ്യന്‍മാരാക്കിയ പരിശീലകനുമാണ് ഡേവ് വാട്മോര്‍. പരിശീലകനായി സ്ഥാനമേറ്റ ആദ്യ സീസണില്‍ തന്നെ കേരളത്തെ ക്വാര്‍ട്ടറിലെത്തിച്ച വാട്മോര്‍ ഇഫക്ട് ചര്‍ച്ചയായിരുന്നു.