കൊച്ചി: കേരളാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഡേവ് വാട്മോര്‍ ചുമതലയേറ്റു.രാജ്യത്തെ മികച്ച ടീമായി കേരളത്തെ മാറ്റുകയാണ് പ്രഥാന ലക്ഷ്യമെന്ന് വാട്മോര്‍ പറഞ്ഞു. മുന്‍ ഓസ്‍ട്രേലിയന്‍ ക്രിക്കറ്ററും ശ്രീലങ്കയെ ലോക ചാമ്പ്യന്‍മാരാക്കിയ പരിശീലകനുമാണ് ഡേവ് വാട്മോര്‍. ആറുമാസത്തേക്കാണ് വാട്മോര്‍ കേരളത്തെ പരിശീലിപ്പിക്കുക.  അണ്ടര്‍ 23,19,16 ടീമുകള്‍ വാട്‌മോറിന് കീഴില്‍ പരിശീലിക്കും.

ജൂണ്‍ മുതല്‍ പരിശീലന ക്യാംപ് തുടങ്ങുമെങ്കിലും സെപ്റ്റംബര്‍ മുതലാവും പൂര്‍ണതോതില്‍ പരിശീലനം ആരംഭിക്കുക.മൂന്നു വിഭാഗങ്ങളിലായി 90 കുട്ടികളെയാവും പരിശീലനത്തിനായി ക്രിക്കറ്റ് അസോസിയേഷന്‍ വാട്മോറിന് വിട്ടുനല്‍കുക.

കേരളത്തില് മികച്ച താരങ്ങളുണ്ട്. മെച്ചപ്പെട്ട തുടക്കം ലഭിക്കുമെങ്കിലും ഫിനിഷിങ്ങാണ് പ്രശ്നം.കുറവുകള്‍ പരിഹരിച്ച് മുന്നേറുകയാണ് ലക്ഷ്യമെന്നും വാട്മോര്‍ പറഞ്ഞു. കേരളത്തിന് മികച്ച കായിക സംസ്കാരമുണ്ട്.കളിക്കാരെ കണ്ടെത്താനും കഴിയും. മികച്ച അടിസ്ഥാന സൗകര്യമൊരുക്കുമെന്ന കെസിഎയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നും പുതിയ കോച്ച് പറ‍ഞ്ഞു.