നാളെ നടക്കാനിരിക്കുന്ന മെയ്ഡ്സണ്‍ യുണൈറ്റഡുമായി മത്സരത്തിനിടെ സാല്‍ഫോഡ് സിറ്റി ബെക്കാമിനെ പെനുസുല സ്റ്റേഡിയത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദേശീയ ടീമില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പടിയിറങ്ങിയ ശേഷം ബെക്കാം അമേരിക്കന്‍ ക്ലബുകളില്‍ ചേക്കേറിയിരുന്നു
ലണ്ടന്‍: ഇംഗ്ലണ്ടിലെ എക്കാലത്തെയും മികച്ച കളിക്കാരുടെ ഗണത്തിലാണ് ഡേവിഡ് ബെക്കാമിന്‍റെ സ്ഥാനം. ദേശീയ ടീമിന്‍റെ നായകസ്ഥാനത്ത് വിരാജിച്ച ഫ്രീ കിക്ക് മാന്ത്രികന്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലെ നാഷണല്‍ ലീഗ് ക്ലബുകളിലെ പ്രമുഖരായ സാല്‍ഫോഡ് സിറ്റിയുടെ സഹ ഉടമസ്ഥാവകാശവും സ്വന്തമാക്കിയിരിക്കുകയാണ്.
സാല്‍ഫോഡ് സിറ്റി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സാല്‍ഫോഡ് സിറ്റിയുടെ ഓഹരികളില്‍ പത്ത് ശതമാനമാണ് ബെക്കാം സ്വന്തമാക്കിയത്. ബെക്കാമിന്‍റെ നീക്കത്തിന് ഫുട്ബോൾ അസോസിയേഷന്‍ പച്ചക്കൊടി കാട്ടിയതോടെയാണ് ഉടമസ്ഥാവകാശം സാധ്യമായത്. പ്രമുഖ ബിസിനസുകാരൻ പീറ്റർ ലിം ആണ് സാല്‍ഫോഡിന്റെ 40 ശതമാനം ഓഹരികളുടെയും ഉടമ.
നാളെ നടക്കാനിരിക്കുന്ന മെയ്ഡ്സണ്‍ യുണൈറ്റഡുമായി മത്സരത്തിനിടെ സാല്‍ഫോഡ് സിറ്റി ബെക്കാമിനെ പെനുസുല സ്റ്റേഡിയത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദേശീയ ടീമില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പടിയിറങ്ങിയ ശേഷം ബെക്കാം അമേരിക്കന്‍ ക്ലബുകളില്‍ ചേക്കേറിയിരുന്നു. യുഎസില്‍ കളിക്കാരനായി തുടങ്ങിയ ബെക്കാം പിന്നീട് ക്ലബുകളുടെ ഉടമയായി മാറി.
യു എസിലെ എം എല്‍ എസ് ലീഗില്‍ കളിക്കുന്ന ഇന്‍റര്‍ മയാമി ടീമിന്റെ ഉടമസ്ഥനാണ് 43 കാരനായ ബെക്കാം. നേരത്തെ മയാമിയില്‍ സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കാന്‍ ബെക്കാം തീരുമാനിച്ചിരുന്നു. സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി തേടി മയാമി നഗരത്തിൽ നടത്തിയ വോട്ടെടുപ്പിൽ 60 ആളുകളുടെ പിന്തുണ ബെക്കാമിന് കിട്ടിയിരുന്നു. മയാമി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഗോൾഫ് കോഴ്സാണ് ഫുട്ബോൾ സ്റ്റേഡിയമാക്കുന്നത്.
