കൊച്ചി: തുടര്‍ പരാജയങ്ങളില്‍ വീര്‍പ്പുമുട്ടിയ ടീമിനും പ്രതീക്ഷയറ്റ കാണികള്‍ക്കും ഊര്‍ജം നിറച്ച് ഡേവിഡ് ജെയിംസിന്‍റെ രണ്ടാം വരവ്. കൊച്ചിയിലെ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഫീനിക്സ് പക്ഷിയെ പോലെ ഡേവിഡ് ജെയിംസിന്‍റെ കുട്ടികള്‍ പറന്നുയര്‍ന്നു. 'ഇനി കളിമാറു'മെന്ന് സീസണിന്‍റെ തുടക്കം മുതല്‍ പറഞ്ഞെങ്കിലും കളിമാറിയത് ഇപ്പോളാണ്. അതിന് ഇംഗ്ലണ്ടിന്‍റെ ഇതിഹാസമായ മുന്‍ ഗോള്‍ കീപ്പറുടെ രണ്ടാം വരവ് വേണ്ടിവന്നു. 

ശാന്തനായി നിന്ന് കളി നെയ്യാന്‍ കഴിയുന്ന മാന്ത്രികനാണ് ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് പരിശീലകന്‍റെ റോളില്‍ ഒരു സുഹൃത്താകാന്‍ കഴിയുന്നയാള്‍. മഞ്ഞപ്പട ആരാധകരുടെ ഊര്‍ജം കളിക്കാരുടെ കാലുകളിലേക്ക് പടര്‍ത്താന്‍ കഴിവുണ്ട് ഡേവിഡിന്. കൊച്ചിയിലെത്തി ഒരു ദിവസം മാത്രം ടീമിനൊപ്പം സമയം ചിലവിട്ട ഡേവിഡ് ജെയിംസ് പുനെക്കെതിരായ സമനില പിടിച്ചിരിക്കുന്നു. ഇതിനേക്കാല്‍ മികച്ച തുടക്കം പരിശീലകന്‍റെ കുപ്പായത്തില്‍ മഞ്ഞപ്പടയില്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. 

ആദ്യ പകുതിയില്‍ നിറംമങ്ങിയപ്പോളും രണ്ടാം പകുതിയില്‍ ടീം ഗെയിമിന്‍റെ ചിറകടി മൈതാനത്ത് കണ്ടു. 73-ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസ് നേടിയ ഗോള്‍ തന്നെ ഇതിന് ഉദാഹരണം. മുന്നേറ്റം കുതിക്കുമ്പോള്‍ പാസ് കൊടുക്കാന്‍ മറക്കുന്ന മധ്യനിര ഏറെക്കുറെ അപ്രത്യക്ഷ‌മായിരിക്കുന്നു. അടിക്ക് തിരിച്ചടി കൊടുക്കാന്‍ കഴിയുന്ന നിലയിലേക്ക് ടീമില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒരു ഗോള്‍ വീണാല്‍ തളരുന്ന പതിവ് ശൈലിയില്‍ നിന്ന് ടീം കര കയറി. അതിനാല്‍ ഈ ടീമില്‍ ധൈര്യമായി ആരാധകര്‍ക്കിനി പ്രതീക്ഷകള്‍ അര്‍പ്പിക്കാം.

ഫിനിഷിംഗിലെ പിഴവുകള്‍ കൂടി പരിഹരിച്ചാല്‍ മഞ്ഞപ്പട ഡേവിഡ് ജെയിംസിന് കീഴില്‍ പാറിപ്പറക്കുമെന്നുറപ്പ്. എന്തായാലും അടുത്ത കളി കാണാന്‍ മഞ്ഞപ്പട ആരാധകര്‍ ഒഴുകിയെത്തുമെന്നുറപ്പ്. സ്റ്റേഡിയത്തിലേക്ക് ആരാധകരെ തിരികെയെത്തിച്ച പരിശീലകന്‍ എന്ന പേരിലാകും ഡേവിഡ് ജെയിംസ് ഫുട്ബോള്‍ ചരിത്രത്തില്‍ അറിയപ്പെടുക.