ക്രിക്കറ്റില്‍ നിന്നും വിലക്ക് കിട്ടിയ ഓസ്ട്രേലിയന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പുതിയ ജോലിയില്‍

സിഡ്നി: ക്രിക്കറ്റില്‍ നിന്നും വിലക്ക് കിട്ടിയ ഓസ്ട്രേലിയന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പുതിയ ജോലിയില്‍. ഡേവിഡ് വാര്‍ണറുടെ ഭാര്യ തന്നെയാണ് പുതിയ ജോലിയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. തന്‍റെ വീട് പുതുക്കിപണിയുന്ന ജോലിയില്‍ നിര്‍മ്മാണ തൊഴിലാളിയായി പണിയെടുക്കുകയാണ് ഓസ്ട്രേലിയയുടെ സ്റ്റാര്‍ ബാറ്റസ്മാന്‍.

ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റില്‍ ബോള്‍ ചുരണ്ടിയതിന്‍റെ പേരിലാണ് വാര്‍ണര്‍ക്ക് പന്ത്രണ്ട് മാസത്തെ ക്രിക്കറ്റ് വിലക്ക് ലഭിച്ചത്. സിഡ്നിയുടെ പ്രാന്ത പ്രദേശമായ മറോബ്രയിലെ വര്‍ണറിന്‍റെ കുടുംബ വീട്ടിലാണ് ഇപ്പോള്‍ പണി. കോണ്‍ക്രീറ്റ് ഡ്രില്ല് ചെയ്ത് മാറ്റുന്ന വാര്‍ണറുടെ വീഡിയോ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

പ്രോജക്ട് മാനേജര്‍, ആപ്രന്‍റീസ് സെലിബ്രേറ്റി എന്നോക്കെയാണ് ഭാര്യ വാര്‍ണറെ വിശേഷിപ്പിക്കുന്നത്. വാര്‍ണര്‍ പണിയെടുക്കുന്നത് വീക്ഷിക്കുന്ന മക്കളുടെ ഫോട്ടോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. അതേ സമയം വാര്‍ണറെ ഇന്ത്യയിലേക്ക് വരുന്നത് പോലും ബിസിസിഐ വിലക്കിയെന്നാണ് റിപ്പോര്‍ട്ട്.

View post on Instagram

ഐപിഎല്ലില്‍ സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ വാര്‍ണര്‍ ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം നടക്കാതെ പോയതിന് പിന്നില്‍ ബിസിസിഐയുടെ ഇടപെടലാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

അതേ സമയം വാര്‍ണറെ വിലക്കിയ ബിസിസിഐയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വാര്‍ണറോട് കുറ്റവാളിയെ പോലെ പെരുമാറുന്നതിനെതിരെയാണ് ആരാധകരുടെ സോഷ്യല്‍ മീഡിയ പ്രതിഷേധം.