കൊളംബൊ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ലങ്ക പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ വെറും 183 റണ്‍സിന് പുറത്തായി ഫോളോഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ പ്രതിരോധം ശക്തമാക്കി ചെറുത്ത് നില്‍ക്കുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റിന് 209 എന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ലങ്കയ്ക്ക് ഇനിയും 230 റണ്‍സ് കൂടി വേണം. കുശാല്‍ മെന്‍ഡിസിന്റെ സെഞ്ച്വറിയും (110) ഓപ്പണര്‍ ദിമുത് കരുണരത്‌നെയുടെ (92) അര്‍ദ്ധ സെഞ്ച്വറിയുമാണ് ലങ്കയ്ക്ക് തുണയായത്.

439 റണ്‍സ് പിന്നില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ തരംഗയുടെ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ രണ്ട് റണ്‍സെടുത്ത തരംഗയുടെ കുറ്റി ഉമേഷ് യാദവ് പിഴുതു. ആദ്യ ഇന്നിംഗ്‌സില്‍ തരംഗ പൂജ്യത്തിന് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കരുണരത്‌നെയും മെന്‍ഡിസും ലങ്കന്‍ ഇന്നിംഗ്‌സിന് കരുത്തേകി. ഇരുവരും 191 റണ്‍സ് ചേര്‍ത്ത ശേഷാണ് പിരിഞ്ഞത്. 

കളി തീരാന്‍ ആറോവര്‍ ശേഷിക്കെ 110 റണ്‍സെടുത്ത മെന്‍ഡിസിനെ പുറത്താക്കി പാണ്ഡ്യെയാണ് കൂട്ടുകെട്ട് പൊളിച്ചത്. 135 പന്തില്‍ 17 ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു മെന്‍ഡിസിന്റെ ഇന്നിംഗ്‌സ്. 200 പന്തുകള്‍ നേരിട്ട കരുണരത്‌നെ 12 ഫോറുകള്‍ ഉള്‍പ്പെടെയാണ് പുറത്താകാതെ 92 റണ്‍സ് നേടിയിരിക്കുന്നത്. കളി തീരുമ്പോള്‍ കരുണരത്‌നെയ്‌ക്കൊപ്പം നൈറ്റ് വാച്ച്മാന്‍ മലിന്‍ഡ പുഷ്പകുമാരയാണ് (2) ക്രീസില്‍.

മൂന്നാം ദിനം രണ്ടിന് 52 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ലങ്ക ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ തകരുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിനാണ് ലങ്കയെ തകര്‍ത്തത്. ലങ്കന്‍ നിരയില്‍ 51 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ലയ്ക്ക് മാത്രമേ ലങ്കന്‍ നിരയില്‍ പിടിച്ച് നില്‍ക്കാനായുള്ളൂ. കരുണരത്‌നെ (25), കുശാല്‍ മെന്‍ഡിസ് (24), ഏഞ്ചലോ മാത്യൂസ് (26), ദില്‍റുവാന്‍ പെരേര (25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍.

അശ്വിന് പുറമെ ഷമി, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 16.4 ഓവറില്‍ 69 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് പിഴുതത്. കരിയറിലെ 26 ആം അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.