മെൽബൺ: ചെന്നൈയില്‍ ഓസീസിനെതിരായ ഇന്ത്യൻ വിജയത്തെ മഴയുടെ പിന്തുണയോടെയുള്ള നേട്ടമെന്നു പരിഹസിച്ച മുൻ ഓസീസ് താരം ഡീൻ ജോൺസിന് ട്വിറ്ററിൽ ഇന്ത്യൻ ആരാധകരുടെ രൂക്ഷവിമർ‌ശനം. ഞായറാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ വിജയിച്ചതിനു പിന്നാലെയായിരുന്നു ജോൺസിന്റെ ട്വിറ്റർ പോസ്റ്റ്. 

‘ഇന്ത്യൻ ടീമിനു മത്സരം ജയിക്കാൻ എപ്പോഴും അൽപം മഴയുടെ ആനുകൂല്യം വേണം’ എന്നായിരുന്നു ക്രിക്കറ്റര്‍ കമന്‍റേറ്റര്‍ കൂടിയായ താരത്തിന്‍റെ പോസ്റ്റ്. പിന്നാലെ ഇന്ത്യൻ ആരാധകർ രംഗത്തെത്തി. രണ്ടാമതു ബാറ്റുചെയ്യുന്ന ടീമിനെയാണു സാധാരണ മഴനിയമം തുണയ്ക്കാറുള്ളതെന്നും ഇന്ത്യയോടു തോറ്റത് ഓസീസിന്റെ കഴിവുകേടാണു കാണിക്കുന്നതെന്നും ആരാധകർ തുറന്നടിച്ചു.