കൊല്‍ക്കത്ത: ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യ ചെയ്യാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റം(ഡിആര്‍എസ്) നടപ്പിലാക്കുന്നതിനെക്കുറിച്ച് ഭാവിയില്‍ ആലോചിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ഭാവിയില്‍ ഡിആര്‍എസ് സംബന്ധിച്ച ബിസിസിഐ നിലപാടിന് വിരുദ്ധമാണ് കൊഹ്‌ലി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഡിആര്‍എസിനെ ബിസിസിഐയും മുന്‍ ഇന്ത്യന്‍ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയും ശക്തമായി എതിര്‍ക്കുകയായിരുന്നു.
കൊഹ്‌ലി ക്യാപ്റ്റന്‍സി ഏറ്റെടുത്തശേഷം ചില മത്സരങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ ചില തീരുമാനങ്ങള്‍ ഇന്ത്യക്കെതിരായിരുന്നു.ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ ഇത് ഇന്ത്യക്ക് അനുകൂലമാകേണ്ടവയായിരുന്നു. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലും ശ്രീലങ്കയ്ക്കെതിരായ ഗോള്‍ ടെസ്റ്റിലും സമാനമായ രീതിയില്‍ ഇന്ത്യ തിരിച്ചടി നേരിട്ടു. മത്സരഫലം തന്നെ ഇന്ത്യയ്ക്ക് അനുകൂലമാകുമായിരുന്ന തീരുമാനങ്ങളാണ് ഡിആര്‍എസിനെ എതിര്‍ത്തതിലൂടെ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ആ മത്സരങ്ങളെക്കുറിച്ച് അഭിപ്രായം പറുന്നില്ലെങ്കിലും ഡിആര്‍എസിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കൊഹ്‌ലി വ്യക്തമാക്കി. ഡിആര്‍എസ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ അമ്പയര്‍മാരുടെ പിഴവുകളെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്നും കൊഹ്‌ലി പറഞ്ഞു. ഡിആര്‍എസ് അംഗീകരിച്ച് നടപ്പിലാക്കിയശേഷമെ എന്തൊക്കെ കുറവുകള്‍ ഈ സംവിധനത്തിനുണ്ടെന്ന് ചര്‍ച്ച ചെയ്യാനാവൂ എന്നും കൊഹ്‌ലി പറഞ്ഞു. എങ്കിലും ഇക്കാര്യത്തില്‍ തനിക്ക് തീരുമാനമെടുക്കാനാവില്ലെന്നും കൊഹ്‌ലി പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ നിലവില്‍ ഡിആര്‍എസിനെ എതിര്‍ക്കുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള പരമ്പരകളില്‍ ഡിആര്‍എസ് സംവിധാനം നടപ്പിലാക്കാറില്ല.
