പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പൂനെ സിറ്റിയെ തകര്‍ക്കുകയായിരുന്നു ഡല്‍ഹി. ഇരുവരുടേയും പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ അവസാനിച്ചിരുന്നു. ലാലിയന്‍സുവാല ചാങ്‌തെ, റോമിയോ ഫെര്‍ണാണ്ടസ്, ഡാനിയേല്‍ ലാല്‍ലിംപുയ എന്നിവരാണ് ഡല്‍ഹിയുടെ ഗോളുകള്‍ നേടിയത്. നിഖില്‍ പൂജാരിയുടെ വകയായിരുന്നു പൂനെയുടെ ഏക ഗോള്‍. 

17ാം മിനിറ്റില്‍ ചാങ്‌തെയുടെ ഗോളിലൂടെ ഡല്‍ഹി മുന്നിലെത്തി. എന്നാല്‍ ആറ് മിനിറ്റ് മാത്രമായിരുന്നു ഡല്‍ഹിയുടെ ആഘോഷത്തിന്റെ ആയുസ്. 23ാം മിനിറ്റില്‍ നിഖില്‍ പൂജാരിയിലൂടെ പൂനെ തിരിച്ചടിച്ചു. എന്നാല്‍ 29ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിലൂടെ ഡല്‍ഹി ലീഡ് നേടി. രണ്ടാം പകുതിയില്‍ ഡാനിയേല്‍ ഡല്‍ഹിയുടെ പട്ടിക പൂര്‍ത്തിയാക്കി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് പൂനെയുടെ മാഴ്‌സലീഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. 

ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ ഇനി എല്ലാ ടീമുകള്‍ക്കും ഒരു മത്സരം മാത്രമാണ് ബാക്കിയിള്ളത്. 17 മത്സരങ്ങളില്‍ 19 പോയിന്റുമായി പൂനെ ഏഴാമതാണ്. ഡല്‍ഹി എട്ടാമതും.