ദില്ലി: ഐഎസ്എല്ലില്‍ ഇതുവരെ മികച്ച പ്രകടനമല്ല കേരള ബ്ലാസ്റ്റേഴ്സിന്‍റേത്. പരിശീലകന്‍ റെനെ മ്യൂലസ്റ്റീന്‍ പാതിവഴിയില്‍ ക്ലബ് വിട്ടുപോയതോടെ മ‌ഞ്ഞപ്പട കൂടുതല്‍ പ്രതിസദ്ധിയിലാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പകരമെത്തിയ ഡേവിഡ് ജെയിംസ് പുനെ എഫ്‌സിക്കെതിരായ ആദ്യ മത്സരത്തില്‍ ആവേശ സമനില സ്വന്തമാക്കി ടീമിനെ വീണ്ടും പ്രതീക്ഷകളിലേക്ക് തിരിച്ചുകൊണ്ടുവന്നു. 

ഇപ്പോള്‍ ഡേവിഡ് ജെയിംസിന്‍റെ സംഘത്തെ പ്രശംസകൊണ്ട് മൂടിയിരിക്കുന്നു ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ മിഗുവേല്‍ എയ്ഞ്ചല്‍‍‍. കരുത്തരായ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിക്കുക എളുപ്പമല്ല, പ്രതിരോധത്തിലും മധ്യനിരയിലും ടീം അതിശക്തരാണ്. ദില്ലിയില്‍ ബുധനാഴ്ച്ച ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി കോച്ച് മനസുതുറന്നത്. 

വെസ് ബ്രൗണിനെ പോലെ പരിചയസമ്പത്തുള്ള മികച്ച കളിക്കാര്‍ ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടാണ്. അതിനാല്‍ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുക തങ്ങള്‍ക്ക് ആയാസം നിറഞ്ഞ കാര്യമാണെന്നും മിഗുവേല്‍ പറഞ്ഞു. ഡേവിഡ് ജെയിംസ് ഇംഗ്ലണ്ടിന്റെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണെന്നും അദേഹത്തിന് മികച്ച പരിശീലകന്‍ ആകാന്‍ കഴിയുമെന്നും മിഗുവേല്‍ പോര്‍ച്ചുഗല്‍ കൂട്ടിച്ചേര്‍ത്തു.