ഒഡെന്‍സെ: കൊറിയന്‍ താരം ലീ ഹ്യൂനെ തകര്‍ത്ത് ഡെന്‍മാര്‍ക് ഓപ്പണില്‍ ഇന്ത്യയുടെ കിടമ്പി ശ്രീകാന്തിന് കിരീടം. യഥാക്രമം 21-10, 21-5 എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കൊറിയയുടെ വെറ്ററന്‍ താരത്തെ ശ്രീകാന്ത് പരാജയപ്പെടുത്തിയത്. ശ്രീകാന്തിന്‍റെ കരിയറിലെ മൂന്നാം സൂപ്പര്‍ സീരിസ് കിരീടമാണിത്. ലോക എട്ടാം നമ്പര്‍ താരമായ ശ്രീകാന്ത് ഏതിരാളിക്ക് ഒരു അവസരവും നല്‍കാതെയാണ് രണ്ട് സെറ്റിലും ആധികാരിക ജയം നേടിയത്. 

ശ്രീകാന്ത് വെറും 25 മിനുറ്റു കൊണ്ട് എതിരാളിയെ തകര്‍ത്തെറിഞ്ഞു. ആദ്യ സെറ്റില്‍ 4-4 എന്ന നിലയില്‍ തുല്യത പാലിച്ചിരുന്ന ശ്രീകാന്ത് വന്‍ തിരിച്ചുവരവിലൂടെ 21-10ന്‍റെ വിജയം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തുടക്കത്തിലെ 11-1 ന്‍റെ ലീഡ് നേടി ശ്രീകാന്ത് മത്സരം കയ്യടക്കി. 750,000 അമേരിക്കന്‍ ഡോളറാണ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ വിജയിക്കുള്ള സമ്മാനത്തുക.