പല്ലേക്കെല: കനത്ത മഴയ്ക്ക് പിന്നാലെ പെയ്ത വിക്കറ്റ് മഴയ്ക്കിടയില്‍ വിജയമൊരുക്കിയത് മഹേന്ദ്ര സിങ് ധോനിയുടെയും ഭുവനേശ്വര്‍ കുമാറിന്‍റെയും പ്രതിരോധം. മധ്യനിര തകര്‍ന്നടിഞ്ഞ മല്‍സരത്തില്‍ ഇരുവരും കരുതലോടെ കളിച്ചപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു. അഖില ധനന്‍ജയ 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ നേടിയതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.
സാവധാനം തുടങ്ങിയ ഇരുവരും സിംഗിളുകളിലൂടെ റണ്‍സ് കണ്ടെത്തി. എന്നാല്‍ ഭുവനേശ്വര്‍ ഇടയ്ക്ക് ബൗണ്ടറികളിലൂടെ ശ്രീലങ്കന്‍ ബോളര്‍മാരെ ശിക്ഷിച്ചു. എന്നാല്‍ മഹേന്ദ്ര സിങ് ധോനിയാവട്ടെ കൂടുതല്‍ ക്ഷമ കാട്ടി.
ഭുവനേശ്വര്‍ കുമാര്‍ 80 പന്തില്‍ ഒരു സിക്സും നാലു ബൗണ്ടറികളും സഹിതം 53 റണ്‍സ് നേടി. ഏകദിനത്തിലെ ഭുവനേശ്വര്‍ കുമാറിന്‍റെ ഉയര്‍ന്ന സ്കോറാണിത്. അതേസമയം 68 പന്തില്‍ ഒരു ബൗണ്ടറിയടക്കം 45 റണ്‍സാണ് ധോനിയുടെ സംഭാവന.
