കൊളംബോ: ഫിനിഷര്‍ എന്ന നിലയില്‍ തന്റെ പ്രഭാവം മങ്ങിയിട്ടില്ലെന്ന് ധോണി ഒരിക്കല്‍കൂടി തെളിയിച്ചു. ഒപ്പം വാലറ്റക്കാരനായ ബാറ്റ്സാനെന്ന് തന്ന വിശേഷിപ്പിക്കാനാവില്ലെന്ന് ഭുവനേശ്വര്‍ കുമാറും. ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കത്തിനുശേഷം ഇടയ്ക്ക് അഖില ധനഞ്ജയയുടെ പന്തുകളുടെ ഗതിയറിയാതെ മുട്ടുകുത്തിയ ഇന്ത്യ ധോണിയുടെയും ഭുവിയുടെയും അപരാജിത ഇന്നിംഗ്സുകളുടെ കരുത്തില്‍ രണ്ടാം ഏകദിനത്തിലും ലങ്കയെ മുക്കി. ലങ്ക ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 45 റണ്‍സുമായി ധോണിയും 53 റണ്‍സുമായി ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ വിജയത്തിന്റെ അമരക്കാരായി. സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 236/8, ഇന്ത്യ ഓവറില്‍ 44.2 ഓവറില്‍ 231/7(ഡക്‌വര്‍ത്ത് ലൂയിസ്)

ലങ്ക ഉയര്‍ത്തിയ ഭേദപ്പട്ട വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ പതിവുപോലെ അടിച്ചുതകര്‍ത്താണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ശീഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് 15.3 ഓവറില്‍ ഇന്ത്യയെ 109ല്‍ എത്തിച്ചു. കഴിഞ്ഞ മത്സരത്തിലേതുപോലെ ഇന്ത്യ അനായാസ ജയത്തിലേക്കെന്ന് കരുതി ലങ്കന്‍ ആരാധകര്‍ ഗ്യാലറി ഒഴിയാന്‍ തുടങ്ങിയ സമയം അഖില ധനഞ്ജയ അവതരിച്ചു. അപ്പോഴേക്കും നാലോവര്‍ എറിഞ്ഞിരുന്നെങ്കിലും രോഹിത്തിനും ധവാനും ധനഞ്ജയ അപകടമൊന്നും വിതച്ചിരുന്നില്ല.

എന്നാല്‍ 45 പന്തില്‍ 54 റണ്‍സെടുത്ത രോഹിത്തിനെ മടക്കി വിക്കറ്റ് വേട്ട തുടങ്ങിയ ധനഞ്ജയ കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കി. ഹര്‍ദ്ദീക് പാണ്ഡ്യയെയും അക്ഷര്‍ പട്ടേലിനയും കൂടി വീഴ്ത്തി ധനഞ്ജയ വിക്കറ്റില്‍ ആറാടിയപ്പോള്‍ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. ഇതിനിടെ 49 റണ്‍സെടുത്ത ശീഖര്‍ ധവാനെ സിരിവര്‍ധനെയും വീഴ്‌ത്തിയിരുന്നു. ധനഞ്ജയ എറിഞ്ഞ പതിനെട്ടാം ഓവറിലായിരുന്നു ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. രാഹുലും കോലിയും ജാദവും സമാനമായ രീതിയില്‍ ബൗള്‍ഡാവുകയായിരുന്നു.

പിന്നീടങ്ങോട്ട് കളിയുടെ കടിഞ്ഞാണേറ്റെടുത്ത ധോണിയും ഭുവിയും ചേര്‍ന്ന് അടിവെച്ച് അടിവെച്ച് വിജയത്തിലേക്ക് മുന്നേറി. 131/7 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും പിരിയാത്ത 100 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചു. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ധനഞ്ജയ ആറു വിക്കറ്റെടുത്തപ്പോള്‍ കൂടെ ചേരാന്‍ ആരുമില്ലാതിരുന്നത് ഇന്ത്യയുടെ ഭാഗ്യമായി.