മൊഹാലി: വിക്കറ്റിനിടയിലെ ഓട്ടം പരിഗണിച്ചാല്‍ ധോണിയായിരിക്കും ലോക ചാമ്പ്യന്‍. ഡത്ത് ഓവറുകളിലെ മിന്നും ബാറ്റിംഗ് പോലെയാണ് വിക്കറ്റിനിടയിലെ ധോണിയുടെ അതിവേഗ ഓട്ടം. ഫീല്‍ഡര്‍മാരെ നിഷ്ടപ്രഭരാക്കി അനായാസമാണ് ധോണി സിംഗിളുകളും ഡബിളുകളും കണ്ടെത്തുന്നത്. ഫിറ്റ്നസിലും മറ്റ് താരങ്ങളെക്കാള്‍ ഒരുപിടി മുന്നിലാണ് 36കാരനായ മുന്‍ ഇന്ത്യന്‍ നായകന്‍.
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായ പരിശീലനത്തിനിടെ ധോണി സഹതാരം ഹര്‍ദിക് പാണ്ഡ്യയെ ഓടിത്തോല്‍പിച്ചു. തന്നെക്കാള്‍ 12 വയസ് കുറവുള്ള ഹര്‍ദിക് പാണ്ഡ്യയെ അനായാസമാണ് ധോണി മറികടന്നത്. വിക്കറ്റിനിടയില്‍ ധോണിയുടെ ഓട്ടം പലകുറി കണ്ട ആരാധകര്‍ക്ക് ഇത് പുതുമയല്ലെങ്കിലും ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തെ ഓടിത്തോല്‍പിക്കാന്‍ ആളില്ലെന്ന് വ്യക്തമായി.
