ചെന്നൈ തോറ്റെങ്കിലും ഇന്നത്തെ മത്സരത്തില്‍ ധോണിയാണ് യഥാര്‍ഥ വിജയിയെന്ന് സഞ്ജയ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു

ചണ്ഡീഗഡ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈയെ വിജയവര കടത്താനായില്ലെങ്കിലും ധോണിയുടെ 79 റണ്‍സുമായി പുറത്താകാതെ നിന്ന ധോണിയുടെ ബാറ്റിംഗ് മികവിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. ഭായ്, താങ്കളൊരു യഥാര്‍ഥ ചാംപ്യനാണ്. നിര്‍ഭാഗ്യം കൊണ്ടാണ് താങ്കള്‍ക്ക് ഫിനിഷ് ചെയ്യാന്‍ കഴിയാഞ്ഞത് എന്നായിരുന്നു സണ്‍റൈസേഴ്സ് താരം റാഷിദം ഖാന്റെ ട്വീറ്റ്.

കടുത്ത പുറംവേദന അവഗണിച്ചായിരുന്നു ധോണിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. ചെന്നൈ തോറ്റെങ്കിലും ഇന്നത്തെ മത്സരത്തില്‍ ധോണിയാണ് യഥാര്‍ഥ വിജയിയെന്ന് സഞ്ജയ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു. ധോണിയുടെ പ്രകടനം എല്ലാവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് പഞ്ചാബ് ടീമിന്റെ മെന്ററും മുന്‍ സഹതാരവുമായിരുന്ന വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.

ധോണി ഷോ ആയിരുന്നു ഇന്നലെ കണ്ടതെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. അഭിമുഖങ്ങളില്‍ ധോണി പറയാറുള്ളതുപോലെ സിക്സടിക്കാന്‍ അദ്ദേഹത്തിന് അധികം മുതുക് വളക്കേണ്ടിവരാറില്ലെന്ന് പരുക്കിനെ പരാമര്‍ശിച്ച് കൈഫ് പറഞ്ഞു. ജയത്തിലേക്ക് അവസാന രണ്ടോവറില്‍ 36 റണ്‍സും അവസാന ഓവറില്‍ 17 റണ്‍സുമായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സുും ഒരു ബൗണ്ടറിയും അടിക്കാനെ ധോണിക്ക് കഴിഞ്ഞുള്ളു.