സെഞ്ചൂറിയന്‍: മഹേന്ദ്ര സിംഗ് ധോണി വിരമിച്ച ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച വിക്കറ്റ് കീപ്പറെ തെരയുകയാണ് ഇന്ത്യ. അതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ദയനീയ പ്രകടനം ചര്‍ച്ചയാവുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വൃദ്ധിമാന്‍ സാഹ പരിക്കേറ്റിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കളിച്ചില്ല.
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സാഹയ്ക്ക് പകരക്കാരനായെത്തിയ സീനിയര്‍ താരം പാര്‍ത്ഥീവ് പട്ടേല്‍ നിരവധി ക്യാച്ചുകളാണ് പാഴാക്കിയത്. പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ദയനീയ പ്രകടനത്തെ ചോദ്യം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കേണ്ടിയിരുന്നില്ലെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. 2014ലാണ് മുന്‍ നായകന്‍ കൂടിയായ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ടെസ്റ്റില്‍ നായക സ്ഥാനമൊഴിഞ്ഞ് ധോണി വിക്കറ്റ് കീപ്പറായി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യക്ക് പ്രയോജനപ്പെട്ടേയെന്ന് ഗവാസ്‌കര്‍ പറയുന്നു. പരിക്കേറ്റ സാഹയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്തിയതോടെ മൂന്നാം ടെസ്റ്റില്‍ പാര്‍ത്ഥീവിന്‍റെ ഗ്ലൗസ് തെറിക്കുമെന്നുറപ്പായി. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ വ്യത്യസ്ത വിക്കറ്റ് കീപ്പര്‍മാരെ പരീക്ഷിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ.
