ചെന്നൈ: ചെന്നൈയില്‍ തമിഴ്നാട് പ്രിമീയര്‍ ലീഗ് ഉദ്ഘാടനത്തിനിടെഎംഎസ് ധോണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റംഗങ്ങള്‍ക്ക് വിജയമന്ത്രം പകര്‍ന്ന് നല്‍കിയിരുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങളായിരുന്നു ലോകകപ്പ് ഇന്ത്യന്‍ നേടിത്തന്ന നായകന്‍ന് സൂചിപ്പിച്ചത്. പേടിയില്ലാതെ കളിക്കാനായിരുന്നു ധോനി താരങ്ങളോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ടീം പലയിടങ്ങളിലും കടുത്ത സമ്മര്‍ദത്തിനു അടിമപ്പെട്ടു. വാലറ്റം തകര്‍ന്നടിഞ്ഞത് ഇതിനുദാഹരണമാണ്. വാലറ്റത്ത് മികച്ച കൂട്ടുകെട്ടു സൃഷ്ടിക്കാന്‍ ആര്‍ക്കുമായില്ല. റണ്ട് റണ്‍സിനിടയില്‍ അവസാന മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതു തന്നെ ഉദാഹരണം. ഇംഗ്ലീഷ് താരങ്ങളുടെ മികച്ച ഫീല്‍ഡിങ്ങ് കൂടിയായപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ കളി മറന്നു.
എതെങ്കിലുമൊരാളുടെ തകര്‍പ്പന്‍ പ്രകടനം കപ്പ് നേടിത്തരുമെന്ന് ധോണി പറഞ്ഞിരുന്നു. അത് ഒരു ക്യാച്ചോ, വിക്കറ്റോ, ബാറ്റിംഗോ ആകാമെന്നും ധോണി സൂചിപ്പിച്ചിരുന്നു. ആദ്യം ബോളു ചെയ്ത ഇന്ത്യ ഈ വാക്കുകളെ ശരിവച്ചെങ്കിലും ബാറ്റിംഗിനിറങ്ങിയപ്പോള്‍ നിരാശയായി ഫലം. മിക്ക താരങ്ങളും അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 86 റണ്‍സ് നേടിയ പൂനം റൗത്തിന്‍റെ ഇന്നിംഗ്സ് പ്രതീക്ഷ നല്കിയെങ്കിലും ഫലം കണ്ടില്ല.
മല്‍സരഫലത്തെക്കുറിച്ച് ചിന്തിക്കാതെ ആസ്വദിച്ചു കളിക്കാനാണ് ഇന്ത്യയുടെ കൂള്‍ ക്യാപ്റ്റന്‍ വനിതാ താരങ്ങളോടു പറഞ്ഞത്. എന്നാല്‍ ആരും അത്തരമൊരു ശരീരഭാഷ കളിക്കളത്തില്‍ കാട്ടിയില്ല. അനാവശ്യമായി കൂറ്റനടികള്‍ക്ക് ശ്രമിച്ച് താരങ്ങള്‍ കാലിടറിവീണു. ഫലമോ ഇന്ത്യ അവസാന നിമിഷം കലമുടച്ചു.
