അവസാന പന്തില്‍ സിക്‌സടിച്ച് കാര്‍ത്തിക് ഇന്ത്യയ്ക്ക് കപ്പ് നേടിക്കൊടുത്തു

കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോര്. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണ്ട അവസരത്തില്‍ സൗമ്യ സര്‍ക്കാറിനെ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യയ്ക്ക് വിജയമുറപ്പിച്ചു. അങ്ങനെ നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെ‍ന്‍റില്‍ ഇന്ത്യയ്ക്ക് സുവര്‍ണ കീരിടം. 

അവസാന ഓവറില്‍ സൗമ്യ സര്‍ക്കാര്‍ പന്തെറിയാനെത്തിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 12 റണ്‍സ്. ആദ്യ പന്ത് സര്‍ക്കാര്‍ വൈഡെറിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് ചെറിയ ആശ്വാസമായി. എന്നാല്‍ വീണ്ടുമെറിഞ്ഞ പന്തില്‍ വിജയ് ശങ്കര്‍ക്ക് റണ്‍സ് നേടാനാകാതെ വന്നതോടെ ഡ്രസിംഗ് റൂം ഇരുണ്ടു. തൊട്ടടുത്ത പന്തില്‍ ശങ്കര്‍ എക്‌സ്ട്രാ കവറിലേക്ക് തട്ടിയിട്ട് നേടിയത് ഒരു റണ്‍ മാത്രം‍. 

മൂന്നാം പന്തില്‍ കൂറ്റനടി പ്രതീക്ഷിച്ച ആരാധകര്‍ക്ക് കാര്‍ത്തികിന്‍റെ വക ഒരു റണ്‍സ്. എന്നാല്‍ നാലാം പന്തില്‍ വിജയ് ശങ്കര്‍ ബൗണ്ടറി കണ്ടെത്തിയതോടെ ഇന്ത്യന്‍ ക്യാമ്പിന് പ്രതീക്ഷയായി. പക്ഷേ അടുത്ത പന്തില്‍ സംഭവിച്ചത് ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സിക്‌സടിച്ച് കളി ജയിക്കാനുള്ള ശ്രമത്തിനിടയില്‍ വിജയ് ശങ്കര്‍ അവിചാരിത ക്യാച്ചില്‍ വീണു.

അതോടെ അവസാന പന്തില്‍ ഇന്ത്യയ്ക്ക് വേണ്ടത് അഞ്ച് റണ്‍സെന്ന നിലയിലായി. ഇന്ത്യന്‍ ക്യാമ്പില്‍ നായകന്‍ രോഹിത് ശര്‍മ്മയുള്‍പ്പെയുള്ളവര്‍ നിരാശരായി തലതാഴ്ത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ പന്ത് എക്സ്‌ട്രാ കവറിന് മുകളിലൂടെ ബൗണ്ടറി കടത്തി കാര്‍ത്തിക് അതിമാനുഷനായി അവതരിച്ചു. ധോണി സ്റ്റൈലില്‍ കളിയവസാനിപ്പിച്ച് ഫൈനലിലെ താരവും.

പിന്നെ കണ്ടതെല്ലാം ചരിത്രം. മടങ്ങുമ്പോള്‍ കാര്‍ത്തികിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത് എട്ട് പന്തില്‍ മൂന്ന് സി‌ക്സും രണ്ട് ബൗണ്ടറിയും സഹിതം29 റണ്‍സ്.