ബിസിസിഐയ്‌ക്കു വേണ്ടി ഇടക്കാല ഭരണസമിതിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി നിയോഗിച്ചിരുന്നു. വിനോദ് റായ് അദ്ധ്യക്ഷനായ സമിതിയില്‍ ഒരു വനിതയുമുണ്ട്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത ബിസിസിഐ ഭരണസമിതിയിലേക്ക് വരുന്നത്. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ഡയാന എഡുല്‍ജി എന്ന വനിത ബിസിസിഐയെ ഭരണകാര്യ ചുമതലകളിലേക്ക് വരുമ്പോള്‍, അവരെക്കുറിച്ച് അറിയാത്ത നിരവധി കാര്യങ്ങളുണ്ട്. അതേക്കുറിച്ചൊന്ന് നോക്കാം...

‍ഡയാനയുടെ ക്രിക്കറ്റ് കരിയര്‍

മുംബൈ സ്വദേശിനിയായ ഡയാന എഡുല്‍ജി ഇന്ത്യയ്‌ക്കു വേണ്ടി 20 ടെസ്റ്റുകളും 34 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1991ല്‍ ഓസ്‌ട്രേലിയയ്ക്കെതിരെയാണ് ഡയാനയുടെ അവസാന ടെസ്റ്റ് മല്‍സരം. ഡയാന അവസാനമായി ഏകദിനം കളിച്ചത് 1993ല്‍ ഡെന്‍മാര്‍ക്കിനെതിരെയാണ്. ഇടംകൈ ബൗളറായിരുന്ന ഡയാന ടെസ്റ്റില്‍ 63 വിക്കറ്റുകളും ഏകദിനത്തില്‍ 46 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 

ആദ്യ ഇന്ത്യന്‍ വനിതാ ടീം അംഗം

ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീം അംഗമായിരുന്നു ഡയാന. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം 1976ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റ് കളിക്കുമ്പോള്‍ ആ ടീമില്‍ ഡയാന ഉണ്ടായിരുന്നു. ആ പരമ്പരയില്‍ 17 വിക്കറ്റുകളാണ് എ‍ഡുല്‍ജി കൊയ്‌തത്. ശാന്ത രംഗസ്വാമി, നീലിമ ജോഗല്‍കര്‍, എന്നിവര്‍ക്കുശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മൂന്നാമത്തെ വനിതയാണ് ഡയാന. നാലു ടെസ്റ്റുകളില്‍ അവര്‍ ഇന്ത്യയെ നയിച്ചു. 

വനിതാ ടീമിന്റെ ആദ്യ ഏകദിന ക്യാപ്റ്റന്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഏകദിന ക്യാപ്റ്റനും ഡയാന എഡുല്‍ജിയാണ്. 1978ലെ വനിതാ ലോകകപ്പിലാണ് എ‍ഡുല്‍ജി, ഇന്ത്യയെ നയിച്ചത്. എന്നാല്‍ ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ തോറ്റു. 18 ഏകദിനങ്ങളില്‍ ഡയാന എഡുല്‍ജി ഇന്ത്യയെ നയിച്ചു. 

ഏറ്റവുമധികം വിക്കറ്റ് നേടിയ വനിതാ താരം

ഇന്ത്യന്‍ വനിതാ ടീമിനുവേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരമാണ് ഡയാന എഡുല്‍ജി. 25.77 ആണ് എഡുല്‍ജിയുടെ ബൗളിങ് ശരാശരി. 64 റണ്‍സിന് ആറു വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 

അര്‍ജുന, പദ്മശ്രീ പുരസ്‌ക്കാര ജേതാവ്

അര്‍ജുന അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമാണ് ഡയാന എഡുല്‍ജി. 1983ലാണ് എ‍ഡുല്‍ജിക്ക് അര്‍ജുന പുരസ്‌ക്കാരം ലഭിച്ചത്. 2002ല്‍ രാജ്യം പദ്മശ്രീ നല്‍കിയാണ് ഡയാന എഡുല്‍ജിയെ ആദരിച്ചത്. ക്രിക്കറ്റില്‍നിന്ന് വിരമിച്ചശേഷം പശ്ചിമ റെയില്‍വേയില്‍ സീനിയര്‍ സ്‌പോര്‍ട്സ് ഓഫീസറായി ഡയാന എഡുല്‍ജി സേവനം അനുഷ്‌ഠിച്ചു.