ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മുന്‍താരം മൈക് ഹസിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രകോപിപ്പിക്കരുത് എന്നാണ് സ്റ്റീവ് സ്മിത്തിനും കൂട്ടര്‍ക്കും ഹസി നല്‍കുന്ന ഉപദേശം. കളിക്കളത്തില്‍ പ്രകോപന പെരുമാറ്റത്തിന് കുപ്രസിദ്ധി നേടിയ ടീമാണ് ഓസ്‌ട്രേലിയ. എതിരാളികളെ പ്രകോപിപ്പിച്ച് പുറത്താക്കുന്ന തന്ത്രം ഫലപ്രദമായി നടപ്പാക്കുന്ന ടീം. എന്നാല്‍ സ്ലെഡ്ജിംഗ് തന്ത്രം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അടുത്ത് നടക്കില്ലെന്നാണ് ഹസി മുന്നറിയിപ്പ് നല്‍കുന്നത്.

പ്രകോപനങ്ങള്‍ കോലിയെ ശക്തനാക്കിയതാണ് ചരിത്രം. 2014ലെ ബോക്‌സിംഗ് ഡേ ടെസ്റ്റിലെ പ്രകടനം ഉദാഹരണമാക്കിയാണ് ഹസിയുടെ പ്രതികരണം. സ്ലെഡിജിംഗിന് വിധേയനായ കേഹ്ലി സ്‌കോറിങ്ങിന് വേഗം കൂട്ടുകയും ആദ്യ ഇന്നിംഗ്‌സില്‍ 169 റണ്‍സ് നേടുകയും ചെയ്തു. ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്‍പ് വാദപ്രതിവാദങ്ങള്‍ക്ക് മുതിര്‍ന്ന ഇംഗ്ലീഷ് ടീമിനും വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

പ്രതിസന്ധിഘട്ടത്തില്‍ ശക്തനാകുന്ന കോലിക്ക് മുന്നില്‍ സ്ലഡ്ജിംഗ് നടത്തുന്നത് മണ്ടത്തരമാണെന്നാണ് ഹസി പറയുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ പൂട്ടാന്‍ മാനസികമുന്‍കതൂക്കം നേടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു പകരം മികച്ച കളി പുറത്തെടുക്കുകയാണ് വേണ്ടതെന്നും ഹസി ഓര്‍മിപ്പിച്ചു.