പ്രിയങ്ക പാഞ്ചലിന്റെ ഇരട്ട സെഞ്ചുറിയുടെയും കെ.എസ് ഭരത്തിന്റെ സെഞ്ചുറിയുടെയും കരുത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ലീഡ്. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്തിട്ടുണ്ട്.

കല്‍പ്പറ്റ: പ്രിയങ്ക പാഞ്ചലിന്റെ ഇരട്ട സെഞ്ചുറിയുടെയും കെ.എസ് ഭരത്തിന്റെ സെഞ്ചുറിയുടെയും കരുത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ലീഡ്. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്തിട്ടുണ്ട്. പാഞ്ചല്‍ (206), കെ.എസ് ഭരത് (100) എന്നിവരാണ് ക്രീസില്‍. ഒരു ദിനം കൂടി ശേഷിക്കെ ഇന്ത്യക്ക് 118 റണ്‍സ് ലീഡുണ്ട്. 

26 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് പാഞ്ചല്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 10 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഭരതിന്റെ ഇന്നിങ്‌സ്. നേരത്തെ കെ.എല്‍. രാഹുലിന്റെ (89) അര്‍ധ സെഞ്ചുറിയും ഇന്ത്യക്ക് തുണയായി. 11 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. 

നേരത്തെ ഇംഗ്ലണ്ട് 340 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. സന്ദര്‍ശകര്‍ക്ക് ഒപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 47 റണ്‍സ് കൂടി വേണം. രാഹുലിന് പുറമെ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ (31), അങ്കിത് ബാവ്‌നെ (0), റിക്കി ഭുയി (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.