ഡെയര്‍ഡെവിള്‍സ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാടാണ്, തങ്ങള്‍ക്ക് വിജയമൊരുക്കിയതെന്നാണ് ഡെയര്‍ഡെവിള്‍സ് താരങ്ങള്‍ പറയുന്നത്. കൊഹ്‌ലിയെയും കൂട്ടരെയും വീഴ്‌ത്താന്‍ ദ്രാവിഡ് എന്തു തന്ത്രമാണ്, കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത്? ഇതിന്റെ ഉത്തരം തേടി ചെന്നാല്‍, അങ്ങനെ പ്രത്യേകിച്ചു ഒരു തന്ത്രവും പ്രയോഗിച്ചില്ല എന്നാണ് മനസിലാകുക. കളിക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. ഓരോരുത്തരും അവരവരുടേതായ സ്വതസിദ്ധമായ കളി കളിക്കണം.

കളിക്കിടയില്‍, അങ്ങനെ കളിക്കണം, ഇങ്ങനെ കളിക്കണം എന്ന് ഇടയ്‌ക്കിടെ നിര്‍ദ്ദേശം നല്‍കുന്നവരാണ് പരിശീലകരില്‍ കൂടുതല്‍ പേരും. അവരില്‍നിന്ന് തികച്ചും വിഭിന്നമായി ദ്രാവിഡ് സ്വീകരിച്ച നിലപാടാണ് കളിക്കളത്തില്‍ ക്വിന്റന്‍ ഡി കോക്കിനും കരുണ്‍ നായര്‍ക്കും, ഫലപ്രദമായി കളിക്കാന്‍ സഹായകരമായത്. നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന ടീമുകളുടെ പരിശീലകരെ എടുത്താല്‍ മറ്റാരും നല്‍കാത്ത സ്വാതന്ത്ര്യമാണ് ദ്രാവിഡ് കളിക്കാര്‍ക്ക് നല്‍കുന്നത്. കൂടാതെ ദ്രാവിഡിന്റെ സാന്നിദ്ധ്യം, ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കുന്നതാണെന്ന് കരുണ്‍ നായര്‍ മല്‍സരശേഷം പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സില്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിച്ചതും ഇപ്പോള്‍ പ്രയോജപ്രദമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.