അഡ്‌ലെയ്‌ഡ്: കഴിഞ്ഞ മല്‍സരത്തില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണത്തില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിന് സെഞ്ച്വറി. ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഡുപ്ലെസിസ് സെഞ്ച്വറി നേടിയത്. 164 പന്തില്‍ 17 ബൗണ്ടറി ഉള്‍പ്പടെ 118 റണ്‍സാണ് അദ്ദേഹം നേടിയത്. മാച്ച് ഫീയുടെ 100 ശതമാനം പിഴയായി ഒടുക്കണമെന്ന വിധി വന്നശേഷമാണ് ഡുപ്ലെസിസ് കളിക്കാന്‍ ഇറങ്ങിയത്. ഈ മല്‍സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ കാണികള്‍ കൂകിവിളിച്ചാണ് ഡുപ്ലെസിസിനെ വരവേറ്റത്. ഇതിന് തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് ഡുപ്ലെസിസിന്റെ മറുപടി. ഡുപ്ലെസിസിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. ഡുപ്ലെസിസിന്റെ സെഞ്ച്വറിയുടെ മികവില്‍ ദക്ഷിണാഫ്രിക്ക ഒമ്പതിന് 259 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്‌തു. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്‌ടം കൂടാതെ 14 റണ്‍സെന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മികച്ചതായിരുന്നില്ല. 12 റണ്‍സെടുത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക ഒരവസരത്തില്‍ മൂന്നിന് 44 എന്ന നിലയിലായിരുന്നു. പിന്നീട് ഫാഫ് ഡുപ്ലെസിസ് ഒരറ്റത്ത് നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി ജോഷ് ഹാസ്‌ല്‍വുഡ് നാലു വിക്കറ്റ് വീഴ്‌ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജാക്ക്‌സണ്‍ ബേഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.