കോല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍നിന്ന് സ്പിന്നര്‍മാര്‍ അധികം പിന്തുണ പ്രതീക്ഷിക്കേണ്ടെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി. അതേസമം, മത്സരത്തിന് ഭീഷണിയായി മഴ എത്തുമെന്നും ആശങ്കയുണ്ട്. നാളെയാണ് ഇന്ത്യ -ന്യുസീലന്‍ഡ് രണ്ടാം ടെസ്റ്റ്. കാണ്‍പൂരില്‍ സ്പിന്‍ കരുത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യക്ക് അത്ര നല്ല സൂചനകളല്ല കൊല്‍ക്കത്ത പിച്ച് നല്‍കുന്നത്. ഗ്രീന്‍പാര്‍ക്കില്‍ കണ്ടതുപോലുള്ള സഹായം ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്പിന്നര്‍മാര്‍ക്ക് കിട്ടില്ലെന്ന് പറയുന്നത് ഈഡനില്‍ കളിച്ചുവളര്‍ന്ന സൗരവ് ഗാംഗുലിയാണ്.

ടെസ്റ്റിന്റെ ആദ്യ ദിവസങ്ങളില്‍ പന്ത് അധികം തിരിയാന്‍ സാധ്യത കുറവാണെന്ന് ഗാംഗുലി പറഞ്ഞു. സീസണില്‍ ഈഡനിലെ ആദ്യ മത്സരമാണിത്. പോരാത്തതിന് പിച്ചില്‍ നല്ല ഈര്‍പ്പവുമുണ്ട്. നല്ല വെയില്‍ കിട്ടിയില്ലെങ്കില്‍ തുടക്കത്തില്‍ ടേണ്‍ കിട്ടില്ല. ഗാംഗുലി വ്യക്തമാക്കി.എന്നാല്‍ മത്സരം പുരോഗമിക്കുംതോറും സ്പിന്നര്‍മാര്‍ക്ക് ഗുണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തിന് മുമ്പ് നല്ല വെയില്‍കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ നല്ല മഴയായിരുന്നു. മത്സര ദിവസം വരെ ഈ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരു പക്ഷെ ടെസ്റ്റ് തുടങ്ങിക്കഴിഞ്ഞാലും മഴ പൂര്‍ണമായി മാറില്ല. അതുകൊണ്ടുതന്നെ ആദ്യ ദിവസങ്ങളില്‍ പേസ് ബൗളര്‍മാരാകും ഈഡനില്‍ പന്തെറിയാന്‍ താല്‍പര്യപ്പെടുക.

പിച്ചിനെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജി പറയുന്നത്. എന്നാല്‍ വെയില്‍ കിട്ടിയാല്‍ നല്ലതാണെന്നാണ് ക്യൂറേറ്ററും പറയുന്നത്. അശ്വിന്‍- ജഡേജ സഖ്യത്തിന്റെ സ്പിന്‍ മികവിലാണ് കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചത്.