ബാഴ്‌സലോണ: ഫുട്ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന എല്‍ ക്ലാസികോ പോരാട്ടം സമനിലയില്‍ കലാശിച്ചു. സ്‌പാനിഷ് ലീഗില്‍ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഓരോ ഗോള്‍ വീതം നേടിയാണ് സമാസമമാക്കി മല്‍സരം അവസാനിപ്പിച്ചത്. സുവാരസ് നേടിയ ഗോളിന് ബാഴ്‌സലോണ മുന്നിലായിരുന്നെങ്കിലും മല്‍സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ സെര്‍ജിയോ റാമോസ് നേടിയ തകര്‍പ്പന്‍ ഗോളിലൂടെയാണ് റയല്‍ മാഡ്രിഡ് അവിശ്വസനീയ സമനില പിടിച്ചത്. എല്‍ ക്ലാസികോ പോരാട്ടങ്ങളെ അന്വര്‍ത്ഥമാക്കുംവിധം അതിവാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ അമ്പത്തിമൂന്നാം മിനിട്ടില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്‌സ മുന്നിലെത്തുകയായിരുന്നു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ നടന്ന കളിയില്‍ ഏറെക്കുറെ ആധിപത്യം പുലര്‍ത്തിയത് ബാഴ്‌സയായിരുന്നു. എന്നാല്‍ ബാഴ്‌സ ജയമുറപ്പിച്ച് നില്‍ക്കെ, തൊണ്ണൂറാം മിനിട്ടിലാണ് ഗ്യാലറികളെ നിശബ്ദമാക്കിക്കൊണ്ടി റാമോസിന്റെ ഗോള്‍ പിറന്നത്. മല്‍സരത്തില്‍ നല്ല അവസരങ്ങള്‍ കളഞ്ഞുകുളിച്ച ബാഴ്‌സ താരങ്ങള്‍ക്ക് സ്വയം പഴിക്കുകയേ നിര്‍വ്വാഹമുള്ളു. മറ്റൊരു മല്‍സരത്തില്‍ ഗ്രനാഡയെ 2-1ന് സെവിയ്യ തോല്‍പ്പിക്കുകയായിരുന്നു.
14 കളികളില്‍ 34 പോയിന്റുള്ള റയല്‍ മാഡ്രിഡ് തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 14 കളികളില്‍ 28 പോയിന്റുള്ള ബാഴ്‌സ രണ്ടാമതും, 27 പോയിന്റുള്ള സെവിയ്യ മൂന്നാം സ്ഥാനത്തുമാണ്.
