കൊച്ചി: ലോക പോലീസ് കായിക മേളയിൽ കേരള പോലീസിന്റെ അഭിമാനം കാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷൂട്ടിംഗ് താരം എലിസബത് സൂസൻ കോശി. ലോസ് ഏഞ്ചൽസിൽ നടന്ന കായികമേളയിൽ രണ്ട് വ്യക്തിഗത സ്വർണ്ണമടക്കം നാല് മെഡലുകൾ എലിസബത്ത് നേടി. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും പ്രകടനം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.

കേരള പോലീസിൽ സിഐ ഐയി ജോലിയിൽ പ്രവേശിച്ചതിന് ശേഷം എലിസബത്ത് സൂസൻകോശി തോക്കെടുത്ത ആദ്യ അന്താരാഷ്ടരമത്സരമായിരുന്നു ലോസ് ഏഞ്ചൽസിൽ നടന്നത്. മേളയിൽ അമേരിക്കയ്ക്ക പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. 61 മെഡലുകളാണ് ഷൂട്ടിംഗ് താരങ്ങൾ വാരിയത്. അമ്പത് മീറ്റർ ത്രി പൊസിഷൻ, പത്ത് മീറ്റർ എയർ റൈഫിൾസ് എന്നിവയിൽ വ്യക്തിഗത സ്വണ്ണവും ടീമിനത്തിലെ സ്വണ്ണവും വെങ്കലവും അടക്കം നാല് മെഡലുകൾ മലയാളി ഷൂട്ടർ നേടി.

അന്താരാഷ്ടര മത്സരത്തിലെ സ്ഥിരം സാന്നിധ്യങ്ങളൊന്നും ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിലെത്തിയില്ലെങ്കിലും മത്സരം ആവേശകരമായിരുന്നുവെന്ന് എലിസബത്ത് പറഞ്ഞു. അടുത്ത വ‌ർഷം നടക്കേണ്ട ഏഷ്യൻ ഗെയിംഗ്, കോമൺവെൽത്ത് ഗെയിംസുകളിലും പ്രകടനം ആവർത്തിക്കാനാകുമെന്നാണ് എലിസബത്ത് സൂസൻ കോശിയുടെ പ്രതീക്ഷ. മത്സര തിരക്കിനിടയിൽ ജനുവരിയിൽ താരം വിവാഹിതയാവുകയാണ്. കൊച്ചിയിലെ കുടുംബ സുഹൃത്ത് ജോൺ ആണ് വരൻ.