ഒരു ഓവറിലെ മൂന്നടക്കം കുല്‍ദീപിന് അഞ്ച് വിക്കറ്റ്
മാഞ്ചസ്റ്റര്: സ്പിന്നര് കുല്ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദ്യ ടി20യില് ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോര്. ഇംഗ്ലണ്ട് 20 ഓവറില് എട്ട് വിക്കറ്റിന് 159 റണ്സെടുത്തു. നാല് ഓവറില് 24 റണ്സ് മാത്രം വിട്ടുനല്കിയായിരുന്നു കുല്ദീപിന്റെ ചാകര. അര്ദ്ധ സെഞ്ചുറി നേടിയ ബട്ട്ലറും അവസാന ഓവറുകളില് തകര്ത്തടിച്ച വില്ലിയുമാണ് വന് തകര്ച്ചയില് നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.
ഇംഗ്ലണ്ടിന് ഓപ്പണര്മാരായ റോയിയും ബട്ട്ലറും ചേര്ന്ന് മികച്ച തുടക്കം നല്കി. ഇരുവരും തകര്ത്തടിച്ചപ്പോള് ഇംഗ്ലണ്ട് അഞ്ച് ഓവറില് കടന്നു. 20 പന്തില് 30 റണ്സെടുത്ത റോയിയെ ഉമേഷ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്ച്ച തുടങ്ങി. അടുത്തതായി മടങ്ങിയത് കുല്ദീപിന്റെ പന്തില് എട്ട് റണ്സുമായി ഹെയ്ല്സ്. 14-ാം ഓവറില് മോര്ഗന്(7), ബെയര്സ്റ്റോ(0), റൂട്ട്(0) എന്നീ മൂന്ന് പേരാണ് കുല്ദീപിന് കീഴടങ്ങിയത്.
എന്നാല് ഒരറ്റത്ത് ബട്ട്ലര് തന്റെ മിന്നും ഫോം തുടര്ന്ന് തകര്ത്താടിക്കൊണ്ടിരുന്നു. ബട്ട്ലര് 29 പന്തില് നിന്ന് അര്ദ്ധ സെഞ്ചുറി തികച്ചു. ബട്ട്ലര് പൊരുതുന്നതിനിടെ എട്ട് റണ്സെടുത്ത അലിയെ പാണ്ഡ്യ മടക്കി. 18-ാം ഓവറില് ബട്ട്ലറെ പുറത്താക്കി(46 പന്തില് 69) കുല്ദീപ് അഞ്ച് വിക്കറ്റ് തികച്ചു. ജോര്ദനും(0) പുറത്തായപ്പോള് 15 പന്തില് 29 റണ്സുമായി വില്ലിയും മൂന്ന് റണ്സെടുത്ത് പ്ലന്കെറ്റും പുറത്താവാതെ നിന്നു.
