ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള 14 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ, ഒല്ലി സ്റ്റോൺ എന്നിവർ ടീമിലില്ല. ജാമി ഓവർട്ടൺ തിരിച്ചെത്തി.

ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്സ് നയിക്കുന്ന ടീമില്‍ പേസര്‍മാരായ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഗുസ് അറ്റ്കിന്‍സണും ഒല്ലി സ്റ്റോണും ടീമിലില്ല. പരിക്കാണ് നാലു പേര്‍ക്കും തിരിച്ചടിയായത്. മാര്‍ക്ക് വുഡും ഒല്ലി സ്റ്റോണും പരമ്പരയില്‍ തന്നെ കളിക്കുന്ന കാര്യം സംശയത്തിലാണ്. ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ.

കഴിഞ്ഞ മാസം സിംബാബ്‌വെക്കെതിരായ ടെസ്റ്റിനിടെ തുടയിലേറ്റ പരിക്കാണ് അറ്റ്കിന്‍സണ് തിരിച്ചടിയായത്. അതേസമയം, ഓൾ റൗണ്ടര്‍ ജാമി ഓവര്‍ടണ്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. 2022ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഓവര്‍ടണ്‍ കരിയറിലെ ഏക ടെസ്റ്റ് കളിച്ചത്. പേസര്‍മാരായ ബ്രൈഡൺ കാർസെ, ക്രിസ് വോക്സ് എന്നിവര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിലെത്തിയപ്പോള്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ ജേക്കബ് ബേഥേലും ടീമിലുണ്ട്.

അടുത്ത ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പരയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ മാസം 20ന് ഹെഡിങ്‌ലിയിലാണ് ആദ്യ ടെസ്റ്റ്. എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും ഓവലില്‍ അഞ്ചാം ടെസ്റ്റും നടക്കും.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഷോയ്ബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക