തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും ഓസ്‌ട്രേലിയൻ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറി പാഴായി. രണ്ടാം ഏകദിനത്തിൽ നാലു വിക്കറ്റിന് ഓസ്ട്രേലിയയെ കീഴടക്കി ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം 34 പന്തും നാലു വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ബെയര്‍സ്റ്റോ(60), അലക്‌സ് ഹെയ്ൽസ്(57), ജോ റൂട്ട്(പുറത്താകാതെ 46), ജോസ് ബട്ട്‌ലര്‍(42), ക്രിസ് വോക്ക്സ്(പുറത്താകാതെ 39) എന്നിവരുടെ മികച്ച ബാറ്റിങാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി മിച്ചൽ സ്റ്റാര്‍ക്ക് നാലു വിക്കറ്റ് വീഴ്‌ത്തി. രണ്ടു വിക്കറ്റുമെടുത്ത് ഓള്‍ റൗണ്ട് പ്രകടനം നടത്തിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ടാണ് മാൻ ഓഫ് ദ മാച്ച്.
ഓസ്ട്രേലിയ 50 ഓവറിൽ ഒമ്പതിന് 270 & ഇംഗ്ലണ്ട് 44.2 ഓവറിൽ ആറിന് 274
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 270 റണ്‍സെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം മൽസരത്തിലും സെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചിന്റെ ഇന്നിംഗ്സായിരുന്നു ഓസീസ് ബാറ്റിങിലെ സവിശേഷത. 114 പന്തിൽനിന്ന് ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പടെ 106 റണ്‍സാണ് ഫിഞ്ച് നേടിയത്. ആദ്യ ഏകദിനത്തിൽ ഫിഞ്ച് 107 റണ്‍സെടുത്തിരുന്നു. മിച്ചൽ മാര്‍ഷ് 36 റണ്‍സും ഡേവിഡ് വാര്‍ണര്‍ 35 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട്, ആദിൽ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.
പരമ്പരയിലെ അടുത്ത മൽസരം ജനുവരി 21ന് സിഡ്നിയിൽ നടക്കും.
