സി‌‍ഡ്‌നി: ആഷസിലേറ്റ കനത്ത തോല്‍വിയ്ക്ക് പകരംവീട്ടി ഇംഗ്ലണ്ട്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. സിഡ്‌നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 16 റണ്‍സിന് ഓസ്‌ട്രേലിയയെ തറപറ്റിച്ചു. ജോസ് ബട്ട്‌ലറുടെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസീസിനായി ആരോണ്‍ ഫിഞ്ച് 53 പന്തില്‍ 62 റണ്‍സെടുത്തെങ്കിലും വിജയിപ്പിക്കാനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ജോസ് ബട്ട്‌ലറും ക്രിസ് വോക്‌സും നടത്തിയ വെടിക്കെട്ടാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. അഞ്ചാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ബട്ട്‌ലര്‍ 100 റണ്‍സെടുത്തും വോക്‌സ് 53 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഇയാന്‍ മോര്‍ഗന്‍ 41 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ബട്ട്‌ലറും വോക്‌സും തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 302 പടുത്തുയര്‍ത്തു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്സല്‍വുഡ് രണ്ടും പാറ്റ് കമ്മിണ്‍സ്, മാര്‍ക‌സ് സ്റ്റോണിസ്, ആദം സാംബ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഫിഞ്ച് മികച്ച ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ വാര്‍ണര്‍ നിരാശപ്പെടുത്തി. നായകന്‍ സ്റ്റീവന്‍ സ്മിത്ത് (45), മിച്ചല്‍ മാര്‍ഷ് (55), മാര്‍ക്കസ് സ്‌റ്റോണിസ് (56), ടിം പെയിന്‍ (31*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍ അവസാന ഓവറില്‍ ജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയയുടെ പോരാട്ടം 16 റണ്‍സ് അകലെ അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം കൊയ്തു. സെഞ്ചുഫി നേടിയ ജോസ് ബട്ട്‌ലറാണ് കളിയിലെ താരം