മുംബൈ: ധോണിയും യുവരാജുമൊക്കെ അണിനിരന്നിട്ടും സന്നാഹമല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ എയ്‌ക്ക് തോല്‍വി. മൂന്നു വിക്കറ്റിനാണ് ഇന്ത്യ എ തോറ്റത്. 305 റണ്‍സിന്റെ വിജയലക്ഷ്യം മൂന്നു വിക്കറ്റും ഏഴു പന്തും ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. സാം ബില്ലിംഗ്സ്(93) ജേസന്‍ റോയ്(62) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് ഇംഗ്ലണ്ടിന്റെ ജയത്തിന് അടിത്തറയായത്. 46 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 40 റണ്‍സെടുത്ത അലക്‌സ് ഹെയ്‌ല്‍സ് എന്നിവരുടെ അതിവേഗ സ്‌കോറിംഗും ഇംഗ്ലീഷ് ജയത്തില്‍ നിര്‍ണായകമായി. ഇന്ത്യയ്‌ക്കുവേണ്ടി കുല്‍ദീപ് യാദവ് അഞ്ചു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ എ അമ്പാട്ടി റായിഡുവിന്റെ സെഞ്ച്വറിയുടെയും(100) എം എസ് ധോണി(68), ശിഖര്‍ ധവാന്‍(63), യുവരാജ് സിംഗ്(56) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെയും മികവില്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 304 റണ്‍സെടുക്കുകയായിരുന്നു. 40 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തിയ ധോണിയുടെ വെടിക്കെട്ടാണ് ഇന്ത്യയുടെ സ്കോര്‍ 100 കടത്തിയത്. 97 പന്ത് നേരിട്ടാണ് അമ്പാട്ടി റായിഡു 100 റണ്‍സില്‍ എത്തിയത്. 100 റണ്‍സെടുത്ത അമ്പാട്ടി റായിഡു റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുമ്പോള്‍, 11 ബൗണ്ടറികളും ഒരു സിക്‌സറുകളും നേടിയിരുന്നു. ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗും മികച്ച പ്രകടനമാണ് നടത്തിയത്. 48 പന്തില്‍നിന്നാണ് യുവി 56 റണ്‍സെടുത്തത്. 84 പന്ത് നേരിട്ടാണ് ശിഖര്‍ ധവാന്‍ 63 റണ്‍സ് നേടിയത്. ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്‌ത മാന്‍ദീപ് സിംഗ് എട്ടു റണ്‍സെടുത്ത് പുറത്തായി. മലയാളി താരം സഞ്ജു വി സാംസണ്‍ ബാറ്റ് ചെയ്യാനെത്തിയെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി ജേക്ക് ബാള്‍, ഡേവിഡ് ബില്ലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
